വയനാട് കോളിയാടി മേഖലയിൽ ഷിഗെല്ല രോഗബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നോ എന്ന ആശങ്ക വർധിക്കുന്നു. മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികളിലും അധ്യാപകരിലുമായിരുന്നു രോഗലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നത്.
എന്നാൽ, രോഗബാധിതരായ കുട്ടികളുടെ ബന്ധുക്കളിലും സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. ഇതുവരെ രോഗലക്ഷണങ്ങളുമായി സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 18 ആയി ഉയർന്നിട്ടുണ്ട്.
ഇവരുടെ സ്രവ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിരിക്കുകയാണ്. നേരത്തെ രോഗലക്ഷണങ്ങളോടെ പരിശോധനയ്ക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടൻ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ വിവിധ ആശുപത്രികളിലായി 58 വിദ്യാർത്ഥികൾ ചികിത്സയിൽ തുടരുകയാണ്. ഇതിനോടകം മൂന്ന് കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. സ്കൂളിലെ കുടിവെള്ള സ്രോതസ്സുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

