ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ സഹായിക്കുന്നതിനായി 2.6 കോടി രൂപയുടെ സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ രംഗത്തെത്തി.
പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് അദ്ദേഹം. ഈ സഹായ പദ്ധതിയുടെ ഭാഗമായി അപകടത്തില്‍ ജീവന് നഷ്ടപ്പെട്ട
ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് 26 ലക്ഷം രൂപ വീതം കൈമാറും. ഇതിനു പുറമെ, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പരിക്കേറ്റ ഒന്‍പത് പേരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി 47 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
ബാധിത കുടുംബങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങള്‍ക്കായി 18 ലക്ഷം രൂപയും, മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 13 ലക്ഷം രൂപയും ഈ തുകയില്‍ നിന്ന് വിനിയോഗിക്കും. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവരുടെ ഭാവി സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പാക്കേജ് ആവിഷ്കരിച്ചിരിക്കുന്നത്.
ചെറിയ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണനയും ഉറപ്പാക്കിയിട്ടുണ്ട്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചാണ് സഹായവിതരണം ഏകോപിപ്പിക്കുന്നത്.
സംഭവത്തെക്കുറിച്ച് ഡോ. ഷംഷീര്‍ വയലില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ‘അപകടത്തില്‍പ്പെട്ട
മുഴുവന്‍ രാജ്യക്കാരുടെയും കുടുംബങ്ങളിലേക്ക് ഈ സഹായം എത്തിക്കും. ഒരുപാട് പ്രതീക്ഷകളോടെയും ഉത്തരവാദിത്തങ്ങളോടെയുമാണ് ഇവര്‍ പ്രവാസലോകത്ത് എത്തിയത്.
സാമ്പത്തിക സഹായത്തിന് പ്രിയപ്പെട്ടവരുടെ മരണത്തിന്റെ നഷ്ടം നികത്താനാവില്ലെങ്കിലും ഈ പ്രയാസകരമായ ഘട്ടത്തില്‍ അവരുടെ കുടുംബങ്ങള്‍ക്ക് ഇതൊരു ചെറിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.’ ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ മിനിബസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ച ഏഴ് പേരില്‍ ആറ് പേര് ഇന്ത്യക്കാരും ഒരാള്‍ ശ്രീലങ്കന്‍ പൗരനുമാണ്.
ഉത്തര്‍പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച ഇന്ത്യക്കാര്‍. പരിക്കേറ്റവരില്‍ എട്ട് പേര് ഇന്ത്യക്കാരാണ് (ഇവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു), ഒരാള്‍ നേപ്പാളില്‍ നിന്നുള്ളയാളാണ്.
നിലവില്‍ പരിക്കേറ്റവരില്‍ അഞ്ച് പേര് ആശുപത്രി വിട്ടു. നേരത്തെയും സമാനമായ ഇടപെടലുകളിലൂടെ ഡോ.
ഷംഷീര്‍ വയലില്‍ ശ്രദ്ധേയനായിട്ടുണ്ട്. അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് 6 കോടി രൂപയുടെ ധനസഹായം അദ്ദേഹം മുന്‍പ് നല്‍കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

