12 കോടി രൂപയുടെ പൈക്ക (പഞ്ചായത്ത് യുവക്രീഡ ഔർ ഖേൽ അഭിയാൻ) അഴിമതിയുമായി ബന്ധപ്പെട്ട് കായികമന്ത്രി ഒ.ജെ.ജനീഷ് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ, കേരള സ്പോർട്സ് കൗൺസിലിൽ കൂട്ടരാജി. ആരോപണവിധേയനായ വൈസ് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത് ഉൾപ്പെടെയുള്ളവർ സ്ഥാനം ഒഴിഞ്ഞു.
ഇദ്ദേഹത്തോടൊപ്പം 7 സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും തങ്ങളുടെ രാജി അറിയിച്ചുകൊണ്ട് കായികവകുപ്പ് സെക്രട്ടറിക്ക് കത്ത് കൈമാറി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഭരണസമിതിയിലേക്ക് നാമനിർദേശം ചെയ്തവരാണ് രാജിവെച്ചവരിൽ ഭൂരിഭാഗവും.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കൗൺസിൽ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ വി.പി.സാനു നേരത്തെ രാജിവെച്ചിരുന്നുവെങ്കിലും, മറ്റ് ഭാരവാഹികൾ തൽസ്ഥാനത്ത് തുടരുകയായിരുന്നു. കായിക വികസനത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പൈക്ക പദ്ധതിയുടെ നോഡൽ ഏജൻസിയായി പ്രവർത്തിച്ചിരുന്നത് കേരള സ്പോർട്സ് കൗൺസിൽ ആയിരുന്നു.
പൈക്ക പദ്ധതിയുടെ മുൻ സംസ്ഥാന കോ-ഓർഡിനേറ്റർ കൂടിയായിരുന്നു രാജിവെച്ച വൈസ് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത്. ഈ വിഷയത്തിൽ കായികവകുപ്പ് സെക്രട്ടറി അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ഈ നിർണായക സംഭവവികാസങ്ങൾ.
അതേസമയം, അന്വേഷണം പൂർത്തിയാകുന്നതുവരെ എം.ആർ.രഞ്ജിത്തിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് കായികമന്ത്രിയുടെ നിലപാട്. കൂടാതെ, രഞ്ജിത്തിനെതിരായ ഒരു കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ഈ സാഹചര്യവും രാജിക്ക് പിന്നിലുണ്ടെന്നാണ് സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

