കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ ഉണ്ടായ ഭീകരമായ ഉരുൾപൊട്ടലിൽ അമ്മയും മകനും മരണമടഞ്ഞു. മണപ്പാട്ട് റെജീന, മകൻ ജോസഫൈൻ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
അപകടത്തിൽ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നതിനാൽ ഓടിരക്ഷപ്പെടാൻ ജോസഫൈന് കഴിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ 2.30-ഓടെയാണ് പ്രദേശത്ത് ദുരന്തം ഉണ്ടായത്.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തകരെ മൃതദേഹത്തിലേക്ക് എത്തിച്ചത് പ്ലാസ്റ്ററിട്ട
ആ കാലായിരുന്നു. അപകടസമയത്ത് വിശ്രമിച്ചിരുന്ന കട്ടിലിൽ തന്നെയാണ് മൃതദേഹവും കണ്ടെത്തിയത്.
വീടിന് അരക്കിലോമീറ്റർ മുകളിൽ നിന്ന് കുതിച്ചെത്തിയ ഉരുൾപൊട്ടലിൽ വീട് പൂർണ്ണമായി തകർന്നു തരിപ്പണമായി. ദുരന്തമുണ്ടായ സമയത്ത് റെജീനയും ജോസഫൈനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ പരിചരിക്കാൻ വേണ്ടി പോയതായിരുന്നു ഗൃഹനാഥനായ എം.ജെ. ജോണി.
മറ്റു മക്കളായ ജോമിറ്റ് ജോണിയും സോമിറ്റ് ജോണിയും ജോമിറ്റിന്റെ എറണാകുളത്തെ ഭർതൃഗൃഹത്തിലായിരുന്നു താമസം. പുലർച്ചെ വലിയ ശബ്ദം കേട്ട് ഉണർന്ന അയൽവാസി ബിനോയ്, ജോണിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് വീട്ടിൽ മറ്റു രണ്ടുപേർ കൂടി ഉണ്ടെന്ന വിവരം അറിയുന്നത്.
തുടർന്ന് സ്ഥലത്തെത്തിയ ബിനോയ് ആണ് രക്ഷാപ്രവർത്തനങ്ങൾക്ക് ആദ്യം നേതൃത്വം നൽകിയത്. കനത്ത വെള്ളപ്പാച്ചിലും മണ്ണും കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു.
തുടർന്ന് ചാലുകൾ വെട്ടി വെള്ളം തിരിച്ചുവിട്ട ശേഷമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തെരച്ചിൽ ആരംഭിച്ചത്.
‘‘വീടെന്ന് പറയാനായി ഒന്നുമില്ലായിരുന്നു. ഒരു മൺകൂന മാത്രം.
വീടിന്റെ മുകളിലെ വാർക്ക 30 മീറ്റർ താഴെയാണു കിടന്നത്.’’ എന്ന് ബിനോയിയും മറ്റൊരു രക്ഷാപ്രവർത്തകനായ പൂഞ്ഞാർ സ്വദേശി മജു മാത്യുവും വ്യക്തമാക്കി. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട
പരിശ്രമത്തിനൊടുവിലാണ് മണ്ണിനടിയിൽ നിന്ന് ജോസഫൈന്റെ പ്ലാസ്റ്ററിട്ട കാൽ കണ്ടെത്താൻ സാധിച്ചത്.
വിവരമറിഞ്ഞ് കുഴഞ്ഞുവീണ ജോണിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. രണ്ടു വർഷം മുൻപാണ് പയ്യാനിത്തോട്ടം വണ്ടൻപ്ലാവിൽ ഇവർ പുതിയ വീട് നിർമിച്ചത്.
ബൈക്ക് അപകടത്തെ തുടർന്നാണ് ജോസഫൈന്റെ കാൽ ഒടിഞ്ഞത്. ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളജിലെ കന്റീൻ ജീവനക്കാരനായിരുന്നു അദ്ദേഹം.
പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയായിരുന്നു റെജീന. ഇരുവരുടെ മൃതദേഹങ്ങളും പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മോർച്ചറിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

