ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയഭീതി പരന്നതിനെ തുടർന്ന് ആലപ്പുഴയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് (02/08/2026) ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ മഞ്ഞ അലർട്ടായിരുന്നെങ്കിലും ഉച്ചയോടെ സ്ഥിതിഗതികൾ വിലയിരുത്തി ഓറഞ്ച് അലർട്ടിലേക്ക് മാറ്റുകയായിരുന്നു. കിഴക്കൻ മേഖലകളിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചതും പമ്പ, അച്ചൻകോവിൽ, മണിമല, വരട്ടാർ നദികളിൽ ജലനിരപ്പ് ഉയർന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
നദികൾ കരകവിഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാൽ അപ്പർകുട്ടനാട് മേഖലയിൽ ജലാശയങ്ങളോട് ചേർന്നുനിൽക്കുന്ന താമസക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ചെന്നിത്തല, ബുധനൂർ, മാന്നാർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.
മുൻകരുതലിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിലായി നാല് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. മുളക്കുഴയിലും തിരുവൻവണ്ടൂരിലും ഇരമല്ലിക്കരയിലുമാണ് ക്യാംപുകൾ സജ്ജീകരിച്ചിട്ടുള്ളത്.
തിരുവൻവണ്ടൂർ ഗവ.എച്ച്എസ്എസിൽ 5 കുടുംബങ്ങളിലെ 10 പേരും മുളക്കുഴ പുത്തൻകാവ് എംഡി എൽപിഎസിൽ 19 കുടുംബങ്ങളിലെ 81 പേരും കഴിയുന്നു. ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിലെ ക്യാംപിൽ 10 കുടുംബങ്ങളിലെ 36 പേരെയും മുളക്കുഴ സെന്റ് ജോർജ് എൽപിഎസിൽ 6 കുടുംബങ്ങളിലെ 26 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
തൃക്കുന്നപ്പുഴയിൽ കടൽ റോഡിലേക്ക് ഇരച്ചു കയറിയതിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. ആലപ്പുഴ കറുത്തകാളി പാലത്തിനു സമീപം പോസ്റ്റ് മറിഞ്ഞ് ട്രാൻസ്ഫോമർ കനാലിൽ പതിച്ചു.
മാവേലിക്കര–കോഴഞ്ചേരി റോഡിൽ ചെങ്ങന്നൂർ പുത്തൻകാവ് ജംക്ഷനിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും തടഞ്ഞു. കൂടാതെ വെൺമണിയിൽ മരം വീണ് ഒരു വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു.
പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെത്തുടർന്ന് നദികളിലൂടെയെത്തുന്ന വെള്ളത്തിന്റെ അളവ് വർധിക്കാൻ സാധ്യതയുള്ളതിനാൽ നദീതീരവാസികൾ അതീവ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾ തയ്യാറാകണം.
ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ടോൾ ഫ്രീ നമ്പറായ 1077-ൽ ബന്ധപ്പെടേണ്ടതാണ്. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകളും ദുരിതാശ്വാസ ക്യാംപുകളും സജ്ജീകരിച്ചിട്ടുണ്ട്.
കിഴക്കൻ വെള്ളം ജില്ലയിൽ ആദ്യം പ്രവേശിക്കുന്ന ചെങ്ങന്നൂരിലേക്ക് 20 അംഗ എൻഡിആർഎഫ് സംഘത്തെയും 3 ബോട്ടുകളെയും അടിയന്തരമായി എത്തിക്കുമെന്ന് കലക്ടർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്ക സാധ്യതയ്ക്കും സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ നിയമപ്രകാരം ഹൗസ്ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ, ചെറുവള്ളങ്ങൾ, കനോയിങ്, കയാക്കിങ്, സ്പീഡ് ബോട്ടുകൾ എന്നിവയുടെ സർവീസുകളും സഞ്ചാരവും ജില്ലാ കലക്ടർ താൽക്കാലികമായി നിരോധിച്ചു.
പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം കർശനമായി തുടരും. ജില്ലയിലെ പ്രളയസാധ്യത പ്രതിരോധിക്കാനും വെള്ളം സുഗമമായി കടലിലേക്ക് ഒഴുക്കാനുമുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കലക്ടർ ഷാജി വി.നായർ വ്യക്തമാക്കി.
തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിൽ 39 എണ്ണവും ഇതിനോടകം തുറന്നു കഴിഞ്ഞു. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ 4 ഷട്ടറുകളും തുറന്നിട്ടുണ്ട്.
കൂടാതെ തോട്ടപ്പള്ളി പൊഴി മുറിക്കലും ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റവന്യൂ വകുപ്പ് ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിച്ചുവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

