മംഗളൂരുവിൽ വ്യവസായിയെ ഭീഷണിപ്പെടുത്തി രണ്ട് വർഷത്തിനിടെ 2.77 കോടി രൂപ തട്ടിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും അറസ്റ്റിലായി. ദക്ഷിണ കന്നഡ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ നിസാം ഇബ്രാഹിം, ഇയാളുടെ സഹായി ജിതേഷ് എന്നിവരെയാണ് ഉർവ പൊലീസ് പിടികൂടിയത്.
വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർണായക നടപടി. പ്രവർത്തനരീതി ഇങ്ങനെ
വ്യവസായിയുടെയും അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന ഒരു സ്ത്രീയുടെയും സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയാണ് ജിതേഷ് ബ്ലാക്ക് മെയിലിംഗ് ആരംഭിച്ചത്.
ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിത്തുടങ്ങിയത്. കുടുംബാംഗങ്ങൾക്ക് മുന്നിൽ അപമാനിതനാകുമോ എന്ന ആശങ്കയിൽ വ്യവസായി തുടക്കത്തിൽ പണം നൽകാൻ നിർബന്ധിതനാവുകയായിരുന്നു.
തുടർന്ന്, പ്രതികൾ കൂടുതൽ തുക കൈക്കലാക്കാൻ മറ്റൊരു തന്ത്രം കൂടി മെനഞ്ഞു. ജിതേഷ് ആത്മഹത്യ ചെയ്തെന്നും അതിന് ഉത്തരവാദി വ്യവസായിയാണെന്നും ആരോപിച്ചുള്ള ഒരു വ്യാജ ആത്മഹത്യാക്കുറിപ്പ് നിസാം വ്യവസായിയെ കാണിച്ചു.
ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ പണം നൽകണമെന്നാവശ്യപ്പെട്ട് 2024 മുതൽ പ്രതികൾ തുടർച്ചയായി പണം ആവശ്യപ്പെടുകയായിരുന്നു. നിയമനടപടികളെ ഭയന്ന വ്യവസായി പലതവണയായി 2.77 കോടി രൂപ ഇവർക്ക് നൽകി.
സംഭവം പുറത്തറിയുന്നത്
ഏറെ നാളായി താൻ പണം നൽകിക്കൊണ്ടിരുന്ന ജിതേഷ് മരിച്ചുവെന്നാണ് വ്യവസായി കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മംഗളൂരു വെച്ച് ജിതേഷിനെ നേരിൽ കണ്ടതോടെയാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് വ്യവസായിക്ക് ബോധ്യപ്പെട്ടത്.
തുടർന്ന് ഉടൻ തന്നെ ഉർവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് തെളിയുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും സമാനമായ രീതിയിൽ ഇവർ മറ്റുള്ളവരെയും കബളിപ്പിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
അതേസമയം, കേസിൽ പ്രതിയായതിനെ തുടർന്ന് നിസാം ഇബ്രാഹിമിനെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

