പഞ്ചാബിലെ മൊഹാലിയിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ യുവതിയെ ഓഫീസിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഹർജീന്ദർ സിങ് എന്നയാളാണ് അറസ്റ്റിലായത്.
ഒരു സ്വകാര്യ കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന 29 കാരിയായ ഡിംപിൾ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ജൂൺ 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മുൻ പങ്കാളിയായ ഡിംപിളിനെ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിലും, സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നു. ഈ ഭീഷണിക്ക് വഴങ്ങാൻ ഡിംപിൾ തയ്യാറായിരുന്നില്ല.
ഇതിലുള്ള വിരോധം മൂലമാണ് പ്രതി ഓഫീസിലെത്തി ആക്രമണം നടത്തിയത്. കൈയിൽ കരുതിയ കത്തിയുമായി എത്തിയ പ്രതി ഡിംപിളിനെ തുടർച്ചയായി കുത്തുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഇയാൾ പിന്തുടർന്ന് ആക്രമിച്ചു. ആക്രമണത്തിന് ശേഷം ഡിംപിൾ മരിച്ചെന്ന് കരുതി ഹർജീന്ദർ സ്വന്തം കഴുത്തിൽ കത്തികൊണ്ട് മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡിംപിളിന്റെ മരണം സ്ഥിരീകരിച്ചു. പ്രതിയായ ഹർജീന്ദറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ജീവൻ രക്ഷിക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ ഇയാളെ വിചാരണക്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിനിടെ, ഓഫീസിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ജീവനക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
കമ്പനിയിലെ സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളാണ് ഇത്തരമൊരു സംഭവത്തിന് വഴിവെച്ചതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ബാഗ് സ്ക്രീനിംഗും കർശനമായ പ്രവേശന നിയന്ത്രണങ്ങളും ഇല്ലാത്തതാണ് അക്രമിക്ക് ഓഫീസിനുള്ളിലേക്ക് എളുപ്പത്തിൽ കടന്നുകയറാൻ സാധിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

