തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ വധശ്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഒളിവിൽ കഴിയുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് എത്തിയ പൊലീസ് സംഘത്തെ സുഗതനും സംഘവും ആക്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
അക്രമത്തിൽ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. പ്രതികളെ നേരിടുന്നതിനിടയിൽ ആത്മരക്ഷാർത്ഥം വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ തന്റെ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു.
തുടർന്നാണ് കൗൺസിലറെ സാഹസികമായി പിടികൂടിയത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിഐ വിപിനെ വിദഗ്ധ പരിശോധനയ്ക്കായി സ്കാനിംഗിന് വിധേയനാക്കിയിട്ടുണ്ട്. വധശ്രമക്കേസിൽ പ്രതിയായ സുഗതന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.
ഈ മാസം ഏഴാം തീയതിക്ക് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നായിരുന്നു കോടതി നിർദ്ദേശം. എന്നാൽ ഇത് ലംഘിച്ച് ഒളിവിൽ പോയ പ്രതി പ്രദേശത്ത് ഉണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
അതേസമയം, പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഗതൻ രംഗത്തെത്തി. താൻ ചിക്കൻപോക്സ് ബാധിതനാണെന്നും കോടതിയിൽ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം തേടിയിട്ടും പൊലീസ് അനുവദിച്ചില്ലെന്നുമാണ് സുഗതന്റെ വാദം.
കൂടാതെ, തന്റെ ഭാര്യയെയും മകനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചതായും അദ്ദേഹം ആരോപിച്ചു. എന്നാൽ കൗൺസിലറും സഹോദരനും ചേർന്നാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാനാണ് വെടിയുതിർത്തതെന്നും പൊലീസ് വിശദീകരിക്കുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

