തിരുവനന്തപുരം നഗരത്തിലെ വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ പിടികൂടുന്നതിനിടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ. രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ സുഗതനും സംഘവും തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിനും പ്രതികളിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി സിഐ വിപിൻ തന്റെ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് വലിയ സാഹസികതക്കൊടുവിലാണ് പോലീസിന് പ്രതിയെ കീഴ്പ്പെടുത്താൻ സാധിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
സിഐ വിപിൻ നിലവിൽ വൈദ്യപരിശോധനകൾക്കും സ്കാനിംഗിനും വിധേയനായി വരികയാണ്. നേരത്തെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയാണ് സുഗതൻ.
വധശ്രമക്കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും, ഈ മാസം ഏഴാം തീയതിക്ക് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൗൺസിലർ ഇന്ന് പ്രദേശത്ത് എത്തിയതറിഞ്ഞാണ് പോലീസ് നടപടി സ്വീകരിച്ചത്.
അറസ്റ്റ് ചെയ്ത സുഗതനെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഗതൻ രംഗത്തെത്തി.
“താൻ ചിക്കൻപോക്സ് ബാധിതനാണെന്നും പോലീസിനോട് കോടതിയിൽ ഹാജരാകാൻ രണ്ടു ദിവസത്തെ സമയം ചോദിച്ചിട്ടും അനുവദിച്ചില്ല” എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, അറസ്റ്റിനെ എതിർത്ത തന്റെ ഭാര്യയെയും മകനെയും പോലീസ് മർദ്ദിച്ചതായും അദ്ദേഹം ആരോപിക്കുന്നു.
എന്നാൽ കൗൺസിലറും ബന്ധുക്കളും ചേർന്ന് പോലീസിനെ ആക്രമിക്കുകയായിരുന്നുവെന്നും, ആത്മരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്നുമാണ് ഔദ്യോഗിക ഭാഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

