തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ഒടുവിൽ പോലീസ് പിടിയിലായി. വധശ്രമക്കേസിലെ പ്രതിയായ ഇദ്ദേഹത്തെ പിടികൂടുന്നതിനിടെ പ്രദേശത്ത് നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്.
പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പോലീസിനെ ഇദ്ദേഹത്തിന്റെ അനുയായികൾ വളയുകയും തടയാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ, സാഹചര്യം നിയന്ത്രിക്കാനായി വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു.
നേരത്തെ പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് സുഗതൻ. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
വധശ്രമക്കേസിൽ പ്രതിയായിരുന്ന ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഏഴാം തീയതിക്ക് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും അദ്ദേഹം ഇതിന് തയ്യാറായിരുന്നില്ല.
ഈ സാഹചര്യത്തിൽ പ്രതി വാഴോട്ടുകോണത്ത് എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് വട്ടിയൂർക്കാവ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. അറസ്റ്റ് തടയാൻ ശ്രമിച്ച അനുയായികളെ മറികടന്ന് സുഗതനെ കസ്റ്റഡിയിലെടുക്കാൻ പോലീസ് നടത്തിയ ഇടപെടലിനിടെയാണ് വെടിവെപ്പുണ്ടായത്.
നിലവിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

