കാർഷിക പരീക്ഷണങ്ങളുടെ പുതിയ മാതൃക തീർത്ത് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് കേരളത്തിലെ ആദ്യത്തെ നിലക്കടല ഗ്രാമ പദവിയിലേക്കു ചുവടുവെക്കുന്നു. നാഷനൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഓയിൽ സീഡ്സ് പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 112 ഏക്കർ സ്ഥലത്താണ് നിലക്കടല കൃഷി ആരംഭിക്കുന്നത്.
സംസ്ഥാനത്ത് ഈ പദ്ധതിക്ക് തുടക്കക്കമിടുന്നത് എലപ്പുള്ളിയിലാണ്. കർഷകർക്കായി സോയിൽ ഹെൽത്ത് കാർഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കും.
വിളവെടുക്കുന്ന നിലക്കടല സംസ്കരിച്ച് എണ്ണയാക്കി വിപണിയിലെത്തിക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ട്. ഒരു കാലത്ത് നിലക്കടല കൃഷിയാൽ സമൃദ്ധമായിരുന്ന പ്രദേശമാണിത്.
എന്നാൽ മേനോൻപാറ ഷുഗർ ഫാക്ടറി പ്രവർത്തനം ആരംഭിച്ചതോടെ പാടങ്ങൾ മുഴുവൻ കരിമ്പ് കൃഷിക്ക് വഴിമാറി. പിന്നീട് ഫാക്ടറി പൂട്ടിയതോടെ കരിമ്പ് കൃഷിക്കൊപ്പം നിലക്കടല കൃഷിയും നാടിന്റെ ഓർമകളിൽനിന്നു മാഞ്ഞുപോവുകയായിരുന്നു.
ലൊക്കേഷൻ സ്പെസിഫിക് പദ്ധതിയിലൂടെ കൃഷി തിരികെ കൊണ്ടുവരാൻ നടത്തിയ മുൻശ്രമങ്ങൾ വിജയം കണ്ടിരുന്നില്ല. കൃഷി ഓഫിസർ ബി.എസ്.വിനോദ്കുമാറിന്റെ ദീർഘകാലത്തെ പരിശ്രമങ്ങളാണ് ഇപ്പോൾ സാക്ഷാത്കാരത്തിലേക്ക് എത്തുന്നത്.
പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ നൂറിലധികം കർഷകരാണ് കൃഷിയിറക്കാൻ മുന്നോട്ടുവന്നിട്ടുള്ളത്. കദ്രി ലിപാക്ഷി, വിആർ-10, ടിഎംവി-14, ടിസിജിഎസ്-1694 തുടങ്ങിയ ഉയർന്ന ഉൽപാദന ശേഷിയും രോഗ പ്രതിരോധശേഷിയുമുള്ള വിത്തുകളാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്.
ഇതിനോടൊപ്പം കൃഷിയുടെ ശാസ്ത്രീയ വശങ്ങൾ പഠിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കും. പദ്ധതി പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റുമെന്നും പുതിയൊരു കാർഷിക മുന്നേറ്റത്തിന് ഇത് കാരണമാകുമെന്നും ഇതുമായി ബന്ധപ്പെട്ട് ചേർന്ന സംയുക്ത കർഷക യോഗത്തിൽ പഞ്ചായത്ത് അധ്യക്ഷൻ പി.സി.ബിജു, കൃഷി ഓഫിസർ ബി.എസ്.വിനോദ്കുമാർ എന്നിവർ വ്യക്തമാക്കി.
ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.ആർ. സുരേഷ്കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ സി.മുരളികുമാർ, ഡി.ധന്യ, മറ്റ് ജനപ്രതിനിധികൾ, പാടശേഖരസമിതി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

