ഒരിടവേളയ്ക്ക് ശേഷം ആഗോള വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധന. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിടേണ്ടിവന്ന കനത്ത തിരിച്ചടിയാണ് വിപണിയിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് കാരണമായത്.
ഇറാനെതിരായ സൈനിക നീക്കങ്ങളിൽ നിന്ന് പിൻവാങ്ങാൻ ഈ രാഷ്ട്രീയ സാഹചര്യം ട്രംപിനെ നിർബന്ധിതനാക്കിയിട്ടുണ്ട്. ഇറാനെ തൽക്കാലം ഇനി ആക്രമിക്കില്ലെന്ന പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടായി.
ഇതിന്റെ തുടർച്ചയായാണ് രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്ന് സ്വർണം വില വർധിപ്പിച്ചത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 52 ഡോളർ ഉയർന്ന് 4118 ഡോളറിലെത്തി.
കേരളത്തിൽ ഇന്ന് രാവിലെ ഒൻപതുമണിയോടെ വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 95 രൂപ വർധിച്ച് 13,255 രൂപയായും, പവന് 760 രൂപ കൂടി 1,06,040 രൂപയിലുമെത്തി.
കൂടാതെ 18 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ ഉയർന്ന് 10,850 രൂപയായി മാറി. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 205 രൂപയിൽ തുടരുന്നു.
ട്രംപിന്റെ പുതിയ നിലപാടുകളെ തുടർന്ന് അസംസ്കൃത എണ്ണവില ഇടിഞ്ഞത് യുഎസ് ഡോളറിനും ബോണ്ട് യീൽഡിനും തിരിച്ചടിയായി. രാജ്യാന്തര സ്വർണ വ്യാപാരം ഡോളറിലാണ് നടക്കുന്നത് എന്നതിനാൽ, ഡോളർ മൂല്യം ഇടിയുന്നത് ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ സ്വർണം വാങ്ങുന്നതിനുള്ള അനുകൂല സാഹചര്യമൊരുക്കുന്നു.
ഈ വർധിച്ച ഡിമാൻഡാണ് വിലയെ വീണ്ടും മുകളിലേക്ക് നയിക്കുന്നത്. കഴിഞ്ഞ മാസം യുഎസിലെ തൊഴിലവസര കണക്കുകൾ പ്രതീക്ഷിച്ചതിലും മികച്ചതായതിനാൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ട്.
എന്നിരുന്നാലും, ഈ പലിശനിരക്ക് വർധനവ് സാധ്യതയ്ക്കും ഡോളറിനെ പൂർവസ്ഥിതിയിലാക്കാൻ സാധിച്ചില്ലെന്നത് സ്വർണത്തിന് കൂടുതൽ അനുകൂലമായി. ആഗോള വിപണി വില വരും ദിവസങ്ങളിൽ 4225 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ചില വിപണി വിശകലന വിദഗ്ധർ വിലയിരുത്തുന്നു.
അങ്ങനെയെങ്കിൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1.10 ലക്ഷം രൂപയിലേക്ക് എത്തിയേക്കാം. എങ്കിലും, ഇറാൻ-യുഎസ് ബന്ധം വീണ്ടും വഷളാകുകയും എണ്ണവില തിരിച്ചു കയറുകയും ചെയ്താൽ ഡോളർ കരുത്ത് വീണ്ടെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഇത് സ്വർണത്തിന് തിരിച്ചടിയാകാം. അത്തരമൊരു സാഹചര്യം ഉണ്ടായാൽ രാജ്യാന്തര വില ഔൺസിന് 3900 ഡോളറിലേക്ക് ഇടിയാനും, കേരളത്തിൽ പവൻ വില 1.02 ലക്ഷം രൂപയിലേക്ക് താഴാനും സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

