കൊല്ലം ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് അഭിമാനകരമായ നേട്ടമായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാധുനിക റോട്ടെം മെഷീൻ സജ്ജീകരിച്ചു.
രക്തം കട്ടപിടിക്കുന്ന പ്രക്രിയയും രക്തസ്രാവത്തിന്റെ കാരണങ്ങളും അതിവേഗം വിലയിരുത്തി രോഗികൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ സഹായിക്കുന്ന ഈ നൂതന സംവിധാനം കേരളത്തിൽ സ്ഥാപിക്കുന്ന രണ്ടാമത്തെ ഗവ. മെഡിക്കൽ കോളജാണിത്.
പുതിയ മെഷീന്റെ സ്വിച്ച് ഓൺ കർമം നാളെ മന്ത്രി കെ.മുരളീധരൻ നിർവഹിക്കും. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാകുന്ന ഈ സംവിധാനത്തിന്റെ സേവനം സാധാരണക്കാർക്ക് പൂർണമായും സൗജന്യമായി ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
രക്തസ്രാവം കൃത്യമായി നിയന്ത്രിച്ചു ലക്ഷ്യാധിഷ്ഠിത ചികിത്സ നൽകുന്നതിന് സഹായിക്കുന്ന അത്യാധുനിക പോയിന്റ് ഓഫ് കെയർ പരിശോധനാ സംവിധാനമാണ് റോട്ടെം. സാധാരണ പരിശോധനകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ, ഏകദേശം അഞ്ചു മുതൽ പത്തു മിനിറ്റിനുള്ളിൽ പരിശോധനാഫലങ്ങൾ ലഭ്യമാക്കുമെന്നതാണു പ്രധാന സവിശേഷത.
ഇതുവഴി രോഗിക്ക് ഏതുതരത്തിലുള്ള രക്തഘടകങ്ങളാണ് ആവശ്യമെന്ന് കൃത്യമായി തിരിച്ചറിയാനും അതിനനുസരിച്ച് ചികിത്സ ആരംഭിക്കാനും കഴിയും. അപകടങ്ങളിൽ ഗുരുതരമായി പരുക്കേറ്റ് രക്തസ്രാവത്തോടെ എത്തുന്നവർ, പ്രസവസംബന്ധമായ രക്തസ്രാവം, ഹൃദയ ശസ്ത്രക്രിയ, അവയവമാറ്റ ശസ്ത്രക്രിയ, ശസ്ത്രക്രിയ്ക്കിടെ ഉണ്ടാകുന്ന രക്തസ്രാവം തുടങ്ങിയ സാഹചര്യങ്ങളിൽ റോട്ടെം പരിശോധന ഏറെ പ്രയോജനപ്പെടും.
കരൾ രോഗം, രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ, പാമ്പുകടി തുടങ്ങിയ സങ്കീർണ അവസ്ഥകളിൽ രോഗിയുടെ രക്തം കട്ടപിടിക്കുന്നതിലെ വ്യതിയാനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഏകദേശം 18 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക ഉപകരണമാണ് മെഡിക്കൽ കോളജിൽ സ്ഥാപിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.
കെ.എസ്.ആഷ പറഞ്ഞു. തിരുവനന്തപുരം ഗവ.
മെഡിക്കൽ കോളജിലും രണ്ടു സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് നിലവിൽ ഈ സംവിധാനം ഉള്ളതെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

