2022 ദേശീയ ഗെയിംസ് ആർച്ചറി മത്സരത്തിൽ സീനിയർ ഇന്ത്യൻ റൗണ്ടിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ഇടമന ആർച്ച രാജനാണ് പ്രായപരിധി സംബന്ധമായ അവ്യക്തതയെ തുടർന്ന് സ്പോർട്സ് ക്വോട്ട നിയമനം പ്രതിസന്ധിയിലായത്.
കൊട്ടിയൂർ പാൽച്ചുരം സ്വദേശിനിയാണ് ഇവർ. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ ദേശീയ ഗെയിംസിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് സ്പോർട്സ് ക്വോട്ടയിലൂടെ സർക്കാർ ജോലി നൽകാൻ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം തന്നെ ആർച്ച നിയമനത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കൂടെ അപേക്ഷ സമർപ്പിച്ച മറ്റ് പലർക്കും വെരിഫിക്കേഷൻ മെമ്മോ ലഭിച്ചെങ്കിലും ആർച്ചയ്ക്ക് മാത്രം ഇത് ലഭിച്ചില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2006 ഡിസംബർ 31-ന് മുൻപ് ജനിച്ചവർക്കാണ് നിയമനത്തിന് അർഹതയെന്ന വിവരം വ്യക്തമായതെന്ന് പിതാവ് രാജൻ പറഞ്ഞു. ആർച്ചയാകട്ടെ 2007 ജനുവരിയിലാണ് ജനിച്ചത്.
പട്ടികവർഗ (എസ്ടി) വിഭാഗത്തിൽപ്പെടുന്ന ആർച്ചയ്ക്ക് പ്രായത്തിൽ ഇളവ് ലഭിക്കാൻ അർഹതയുണ്ടെങ്കിലും, അത് നിയമന നടപടികളുടെ അവസാന ഘട്ടത്തിൽ മാത്രമേ പരിഗണിക്കൂ എന്നാണ് ലഭിക്കുന്ന വിശദീകരണം. തൊഴിലിനായി അപേക്ഷ ക്ഷണിച്ച സമയത്ത് കൃത്യമായ പ്രായപരിധി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നില്ലെന്നും പിതാവ് ചൂണ്ടിക്കാണിക്കുന്നു.
ഭാവിയിൽ വീണ്ടും അപേക്ഷ ക്ഷണിച്ചാൽ തന്നെ അത് 2025-ന് ശേഷം മെഡൽ നേടിയവർക്കാകാനാണ് സാധ്യതയെന്നും ഇത് തന്റെ മകളുടെ കരിയറിനെ ബാധിക്കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ ബികോം മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് ആർച്ച.
സംസ്ഥാന, സർവകലാശാല തലങ്ങളിൽ നിരവധി മെഡലുകൾ ഈ കായികതാരം വാരിക്കൂട്ടിയിട്ടുണ്ട്. അർഹതപ്പെട്ട
സ്പോർട്സ് ക്വോട്ട ജോലി ലഭിക്കുന്നതിനായി തന്നെയും പരിഗണിക്കുന്ന രീതിയിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആർച്ചയുടെയും കുടുംബത്തിന്റെയും അഭ്യർത്ഥന.
ആർച്ചയുടെ പിതാവ് രാജനും അറിയപ്പെടുന്ന ദേശീയ ആർച്ചറി താരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

