അസമിൽ അഞ്ചുപേരുടെ ജീവനെടുത്ത കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗുവാഹത്തിയിലെ ഹോട്ടൽ ബിലാസിൽ കഴിഞ്ഞ ഒക്ടോബർ 26-നാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്.
ഈ സംഭവത്തിൽ അറസ്റ്റിലായ ഘനകാന്ത ഗൊഗോയ് ആണ് ഇപ്പോൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. പ്രതിയെ ശിവസാഗർ ജില്ലയിലെ ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രതിയുടെ മരണവിവരം അസം പൊലീസ് സൂപ്രണ്ട് പപോരി ചേതിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ വാഹനം നിർത്തിയ സമയത്ത് വിശ്രമത്തിനായി പുറത്തിറക്കിയപ്പോഴാണ് ഘനകാന്ത ഗൊഗോയ് പൊലീസിന്റെ തോക്ക് പിടിച്ചുവാങ്ങി രക്ഷപ്പെടാൻ ശ്രമിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നത്. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഒരു ഷാർപ്പ് ഷൂട്ടറാണ് ഗൊഗോയ് എന്നാണ് പൊലീസ് ഇയാളെ വിശേഷിപ്പിച്ചത്.
ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ സുരക്ഷ മുൻനിർത്തി പൊലീസ് ഇയാൾക്ക് നേരെ തിരിച്ച് വെടിയുതിർത്തത്. പ്രതിയുടെ വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.
കൂടാതെ പൊലീസ് വാഹനത്തിന് നേരെയും വെടിയുണ്ടകൾ തുളച്ചുകയറി. പരിക്കേറ്റ പ്രതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് ഒക്ടോബർ 26-ന് പ്രതി ഹോട്ടൽ ബിലാസിൽ അതിക്രമിച്ചുകയറി വെടിവയ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

