ചിറയിൻകീഴിൽ പൊലീസുകാരുടെ ക്രൂരമർദനത്തിന് ഇരയായി സജി എന്ന യുവാവ് മരണപ്പെട്ട സംഭവം നാടിന്റെ മനസ്സാക്ഷിയെയാകെ നടുക്കിയതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി.
ക്രമസമാധാന പരിപാലനം ഉറപ്പാക്കേണ്ട ചുമതലയുള്ള പൊലീസുകാർ തന്നെ കൊലയാളികളുടെ വേഷമണിയുന്ന കാടൻ നയമാണ് നിലവിലെ യുഡിഎഫ് ഭരണത്തിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്നത്.
മറ്റൊരാൾക്കെതിരെ പൊലീസ് ഉദ്യോഗസ്ഥർ കാണിച്ച അക്രമം ചോദ്യം ചെയ്തതതു മാത്രമാണ് സജി ചെയ്ത തെറ്റ്. ഇതിന്റെ പേരിൽ അഞ്ച് പൊലീസുകാർ ചേർന്ന് അദ്ദേഹത്തെ നിഷ്കരുണം തല്ലിച്ചതയ്ക്കുകയായിരുന്നു.
വകുപ്പിലെ ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥർക്ക് ആഭ്യന്തരവകുപ്പ് പരസ്യമായ ഒത്താശയാണ് നൽകിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങൾക്കും വിവിധ പ്രതിഷേധങ്ങൾക്കും നേരെ സമീപകാലത്തായി പൊലീസ് നടത്തുന്ന അതിക്രമങ്ങളും ഭീഷണിപ്പെടുത്തലുകളും ഒറ്റപ്പെട്ട
സംഭവങ്ങളായി കാണാനാകില്ല. ഈ കേസിൽ നിയമനടപടികളിൽനിന്ന് പിന്മാറുന്നതിനായി ഒരു മന്ത്രിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ ബന്ധുക്കളെ നേരിൽ കണ്ട് സ്വാധീനിക്കാനും വിലപേശാനും ശ്രമങ്ങൾ നടന്നുവെന്ന മാധ്യമവാർത്തകൾ സർക്കാരിന്റെ പൂർണ്ണമായ മനുഷ്യത്വമില്ലായ്മയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.
ഈ അതിക്രമത്തിന് കൂട്ടുനിന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അറസ്റ്റ് ചെയ്യണമെന്ന് പിണറായി വിജയൻ ശക്തമായി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

