കൊച്ചി: വിവാദമായ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതിയുടെ സുപ്രധാന നിർദേശം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൈമാറിയ രേഖകളുടെയും കണ്ടെത്തലുകളുടെയും പശ്ചാത്തലത്തിൽ കേസെടുത്ത് അന്വേഷിക്കാനാണ് ജസ്റ്റിസ് എ.ബദറുദീൻ ഉത്തരവിട്ടത്.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.എം.ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.
നേരത്തെ ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ പ്രാഥമികാന്വേഷണത്തിന് മാത്രമാണ് ഉത്തരവിട്ടിരുന്നത്. എന്നാൽ, ഇത്തരത്തിലുള്ള പ്രാഥമിക പരിശോധന പര്യാപ്തമല്ലെന്നും ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്തുതന്നെ വിശദമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇതോടെ പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ ടി. വീണ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരിലേക്ക് അന്വേഷണ നടപടികൾ നീളാനുള്ള സാധ്യത തെളിഞ്ഞു.
സിഎംആർഎൽ കമ്പനിയിൽനിന്ന് 3.28 കോടി രൂപ വഴിവിട്ട രീതിയിൽ കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകൾ നടന്നതായും കാട്ടി ഇ.ഡി സംസ്ഥാന പൊലീസിന് കൈമാറിയ വിവരങ്ങൾ മുൻനിർത്തിയായിരുന്നു ഹർജി.
അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(1)(ബി) പ്രകാരം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇ.ഡി കണ്ടെത്തിയിട്ടും, ബിഎൻഎസ്എസ് ചട്ടങ്ങൾ മറികടന്ന് കേവലം പ്രാഥമിക അന്വേഷണത്തിന് മാത്രമാണ് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ മാത്രമേ പ്രാഥമിക അന്വേഷണം സാധ്യമാകൂ എന്നിരിക്കെ, തെളിവുകൾ വ്യക്തമായിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.
കൂടാതെ, അഴിമതി കേസുകൾ അന്വേഷിക്കേണ്ട വിജിലൻസിനെ മാറ്റിനിർത്തി, ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
ഉത്തരവിന്റെ പൂർണരൂപം ലഭ്യമാകുന്നതോടെ കേസിന്റെ തുടർനടപടികളിൽ കൂടുതൽ വ്യക്തത കൈവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

