പ്രളയക്കെടുതി രൂക്ഷമായ കോട്ടയം ജില്ലയിൽ തകർന്നടിഞ്ഞ വൈദ്യുതി വിതരണം അതിവേഗം പുനഃസ്ഥാപിച്ചുകൊണ്ട് കെഎസ്ഇബി ജീവനക്കാരുടെ മാതൃകാപരമായ പ്രവർത്തനം. കനത്ത മണ്ണിടിച്ചിലും വലിയ നാശനഷ്ടങ്ങളുമുണ്ടായ പൂഞ്ഞാർ, തീക്കോയി, ഈരാറ്റുപേട്ട മേഖലകളിൽ വെല്ലുവിളികളെ അതിജീവിച്ചാണ് വെറും മൂന്ന് ദിവസത്തിനുള്ളിൽ വൈദ്യുതി ബന്ധം തിരികെ നൽകിയത്.
പൂഞ്ഞാറും ഈരാറ്റുപേട്ടയും ഉൾപ്പെടുന്ന പാലാ സർക്കിൾ പരിധിയിലാണ് മഴക്കെടുതി ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ചത്. ജില്ലയിലാകെ കെഎസ്ഇബിക്ക് ആകെ 1.75 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
ശനിയാഴ്ച വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം പാലാ സർക്കിളിനു കീഴിലുള്ള 21 ഇലക്ട്രിക്കൽ സെക്ഷനുകളിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചു. ഇവിടെ മൂന്ന് ട്രാൻസ്ഫോമറുകൾ പൂർണ്ണമായി തകരുകയും, 76 ഹൈടെൻഷൻ പോസ്റ്റുകളും 218 ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു വീഴുകയും ചെയ്തു.
11 കെവി ലൈനുകൾ ഉൾപ്പെടെ 863 ഇടങ്ങളിലാണ് വൈദ്യുതി ലൈനുകൾ തകർന്നത്. 95,080 ഉപഭോക്താക്കളെ ബാധിച്ച ഈ പ്രതിസന്ധി ഘട്ടത്തിലാണ് അധികൃതർ വേഗത്തിൽ ഇടപെട്ട് വൈദ്യുതി പൂർണ്ണമായി പുനഃസ്ഥാപിച്ചത്.
വെള്ളപ്പൊക്കത്തിന് പുറമെ 340 ഇടങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണും വൈദ്യുതി തടസ്സം നേരിട്ടു. കോട്ടയം സർക്കിളിനു കീഴിൽ 73,663 ഉപഭോക്താക്കളെയാണ് ദുരന്തം ബാധിച്ചത്.
ഇവിടെ 31 സെക്ഷനുകളിലായി 78 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 25 ഹൈടെൻഷൻ പോസ്റ്റുകളും 78 ലോ ടെൻഷൻ പോസ്റ്റുകളും നശിച്ചതോടൊപ്പം 285 ഇടങ്ങളിൽ ലൈനുകളും പൊട്ടിപ്പൊളിഞ്ഞു.
തകർന്ന രണ്ട് ട്രാൻസ്ഫോമറുകൾ ഉടൻ തന്നെ മാറ്റിസ്ഥാപിക്കേണ്ടി വന്നു. 2018 ലെ പ്രളയാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കുമരകം, തിരുവാർപ്പ്, വെച്ചൂർ, കല്ലറ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ ട്രാൻസ്ഫോമറുകൾ സുരക്ഷിതമായ ഉയർന്ന ഭാഗങ്ങളിലേക്ക് മാറ്റുകയോ ഉയരം കൂട്ടി സ്ഥാപിക്കുകയോ ചെയ്തത് വൻ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സഹായകരമായി.
കാലവർഷത്തിന് മുന്നോടിയായി ഇരു സർക്കിളുകളുടെയും കീഴിലുള്ള പ്രദേശങ്ങളിൽ ഹൈടെൻഷൻ, ലോ ടെൻഷൻ ലൈനുകൾക്ക് സമീപമുള്ള മരച്ചില്ലകൾ വെട്ടിമാറ്റിയതും കൃത്യമായ മെയിന്റനൻസ് ജോലികൾ നടത്തിയതും ആശ്വാസമായി. നഗരപ്രദേശങ്ങളിൽ ഏരിയൽ ബഞ്ച്ഡ് കേബിളുകൾ (എബിസി) ഉപയോഗിച്ചതും വൈദ്യുതി മുടക്കം ഒരു പരിധി വരെ തടയാൻ കാരണമായി.
അടിയന്തര സഹായങ്ങൾക്കും പരാതികൾക്കുമായി പാലാ, കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഓഫിസുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കായി 94960 18397 (പാലാ), 9496008063 (കോട്ടയം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

