2027-ൽ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള അവസരമാണ് രണ്ടുതവണ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിന് നഷ്ടമായിരിക്കുന്നത്. ഇനി യോഗ്യതാ മത്സരങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ വിന്ഡീസിന് ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കാൻ സാധിക്കൂ.
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് 2027 ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ അയർലൻഡിനെതിരെ അഫ്ഗാനിസ്ഥാൻ 92 റൺസിന് വിജയിച്ചതോടെയാണ് വെസ്റ്റ് ഇൻഡീസിന്റെ നേരിട്ടുള്ള യോഗ്യതാ പ്രതീക്ഷകൾ പൂർണ്ണമായും അസ്തമിച്ചത്.
ഈ വിജയത്തോടെ അഫ്ഗാനിസ്ഥാൻ 2027 ലോകകപ്പിലേക്ക് നേരിട്ടുള്ള യോഗ്യത ഉറപ്പാക്കുകയും ചെയ്തു. മുൻപ് 2019, 2023 ലോകകപ്പുകളിലും വെസ്റ്റ് ഇൻഡീസിന് നേരിട്ട് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല.
2019-ൽ യോഗ്യതാ മത്സരങ്ങളിലൂടെയാണ് ടീം ടൂർണമെന്റിൽ എത്തിയതെങ്കിൽ, 2023-ൽ ക്വാളിഫയറിൽ അപ്രതീക്ഷിത തോൽവികൾ ഏറ്റുവാങ്ങി ഇന്ത്യയിൽ നടന്ന ലോകകപ്പിന് യോഗ്യത നേടാനാവാതെ വിൻഡീസ് പുറത്താകുകയായിരുന്നു. യോഗ്യതാ മാനദണ്ഡവും റാങ്കിങും
2027 ലോകകപ്പ് യോഗ്യതാ നിയമങ്ങൾ പ്രകാരം, ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കും സിംബാബ്വെക്കും നേരിട്ട് പ്രവേശനം ലഭിക്കും.
ബാക്കിയുള്ള എട്ട് നേരിട്ടുള്ള യോഗ്യതാ സ്ഥാനങ്ങൾ 2026 സെപ്റ്റംബർ 30-ലെ ഐസിസി ഏകദിന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കുന്നത്. നിലവിൽ ഐസിസി ഏകദിന റാങ്കിങ്ങിൽ അഫ്ഗാനിസ്ഥാൻ എട്ടാമതും ബംഗ്ലാദേശ് ഒൻപതാമതും വെസ്റ്റ് ഇൻഡീസ് പത്താമതുമാണ്.
റാങ്കിങ്ങിൽ 11-ാം സ്ഥാനത്തുള്ള സിംബാബ്വെയ്ക്ക് ആതിഥേയർ എന്ന നിലയിൽ നേരിട്ട് യോഗ്യതയുള്ളതിനാൽ, റാങ്കിങ്ങിലെ ആദ്യ 9 സ്ഥാനക്കാർക്കാണ് (ദക്ഷിണാഫ്രിക്ക ഉൾപ്പെടെ) ലോകകപ്പ് ടിക്കറ്റ് ലഭിക്കുക. എന്നാൽ സെപ്റ്റംബർ 30-നകം ആദ്യ 9 സ്ഥാനങ്ങളിലേക്ക് എത്തിച്ചേരാൻ വെസ്റ്റ് ഇൻഡീസിന് ഇനി സാധിക്കില്ല.
ഇന്ത്യൻ പരമ്പരയും രക്ഷിക്കില്ല
സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ഇന്ത്യയ്ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ മികച്ച വിജയം നേടിയാലും റാങ്കിങ്ങിൽ വിൻഡീസിന് നേട്ടമുണ്ടാക്കാൻ കഴിയില്ല. സെപ്റ്റംബർ 27, 30 തീയതികളിൽ തിരുവനന്തപുരത്തും ഗുവാഹത്തിയിലുമാണ് ആദ്യ രണ്ട് ഏകദിനങ്ങൾ നടക്കുന്നത്.
ഈ മത്സരങ്ങളിൽ ഇന്ത്യയെ തോൽപ്പിച്ചാൽ പോലും സെപ്റ്റംബർ 30-നകം ആദ്യ ഒൻപതിലേക്ക് മുന്നേറാൻ വെസ്റ്റ് ഇൻഡീസിന് സാധിക്കില്ല. വെസ്റ്റ് ഇൻഡീസിനൊപ്പം അയർലൻഡിനും ഇനി യോഗ്യതാ റൗണ്ട് കളിക്കേണ്ടി വരും.
അഫ്ഗാനിസ്ഥാനെതിരായ പരമ്പര 5-0 ന് വിജയിച്ചാൽ മാത്രമേ അയർലൻഡിന് നേരിട്ടുള്ള യോഗ്യതയ്ക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാൽ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടുകയും രണ്ടാം മത്സരത്തിൽ തോൽക്കുകയും ചെയ്തതോടെ അയർലൻഡിന്റെ പ്രതീക്ഷകളും പൊലിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

