കൊച്ചി നഗരത്തിൽ ശനിയാഴ്ച ഉച്ചയോടെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഒട്ടനവധി വിഐപി പരിപാടികളും രണ്ടാം ശനിയാഴ്ചയുടെ തിരക്കും ഒരേസമയം വന്നതാണ് നഗരത്തെ സ്തംഭിപ്പിച്ചത്.
യുഎസ് സ്ഥാനപതി, യുഎസ് പ്രസിഡന്റിന്റെ മരുമകൻ, മുഖ്യമന്ത്രി, വിവിധ മന്ത്രിമാർ എന്നിവർ പങ്കെടുത്ത ചടങ്ങുകൾ നഗരത്തിൽ നടന്നിരുന്നു. ഇതേത്തുടർന്ന് ഏർപ്പെടുത്തിയ കർശന ഗതാഗത നിയന്ത്രണങ്ങൾ യാത്രാക്ലേശം ഇരട്ടിയാക്കി.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ വാഹനവ്യൂഹങ്ങൾ കുരുക്കിൽ അകപ്പെടുകയുണ്ടായി. തൃപ്പൂണിത്തുറ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, കടവന്ത്ര, കലൂർ തുടങ്ങിയ പ്രധാന ജംക്ഷനുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട
നിരയാണ് രൂപപ്പെട്ടത്. ഗതാഗത നിയന്ത്രണം സുഗമമാക്കാൻ പൊലീസ് ഇടപെട്ടെങ്കിലും കുരുക്ക് പൂർണ്ണമായും പരിഹരിക്കാൻ സാധിച്ചില്ല.
കാക്കനാട് ഭാഗത്തേക്കുള്ള റോഡുകളിലും വലിയതോതിൽ വാഹനത്തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്കു ശേഷം അന്തരീക്ഷം തെളിഞ്ഞതും, ഓണത്തോടനുബന്ധിച്ച് ഷോപ്പിംഗിനായി ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങിയതും തിരക്ക് വർദ്ധിപ്പിച്ചു.
നഗരത്തിലെ മെട്രോ സർവീസുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ദീർഘദൂര ബസുകളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടു.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പാർക്കിങ് സൗകര്യം കവിഞ്ഞതിനെ തുടർന്ന് വാഹനങ്ങൾ റോഡിലേക്ക് നീണ്ടിട്ടതും, റോഡുകളിലെ കുഴികളുമാണ് കുരുക്കിന്റെ തീവ്രത വർദ്ധിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

