ദില്ലിയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്. ദില്ലി പൊലീസിന്റെ ഔട്ടർ നോർത്ത് ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡിന് സെപ്റ്റംബർ 23ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിന്റെ മുഖ്യ കണ്ണികൾ പിടിയിലായത്.
ബവാനയിലെ ന്യൂ സനോത്ത് കോളനിയിലെ വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ 42 വയസ്സുകാരിയായ പാർവതി, 30 വയസ്സുകാരനായ വികാസ് കുമാർ എന്ന ഷാനു എന്നിവരെയാണ് അധികൃതർ പിടികൂടിയത്. ‘ഡ്രഗ് ക്വീൻപിൻ’ എന്നാണ് ഇവർ അറിയപ്പെടുന്നത്.
പ്രതിയായ പാർവതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരവും എക്സൈസ് നിയമപ്രകാരവും നേരത്തെ തന്നെ 12 ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. റെയ്ഡിൽ 1.204 കിലോഗ്രാം ഹെറോയിൻ ഉൾപ്പെടെ ഒന്നരക്കോടി രൂപയിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
തുടർന്ന് നടത്തിയ പരിശോധനയിൽ 56.69 ലക്ഷം രൂപയും, 355 ഗ്രാം സ്വർണവും, 161 ഗ്രാം വെള്ളിയും, നാല് വസ്തുക്കളുടെ രജിസ്ട്രേഷൻ രേഖകളും, രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ ഘട്ടങ്ങളിലായി ഈ കേസിൽ പിടിച്ചെടുത്ത ആകെ പണത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ ഇത് 64.62 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്.
മയക്കുമരുന്ന് കടത്തിലൂടെ ലഭിച്ച കറുത്ത പണം ഉപയോഗിച്ചാണ് ഇവർ ഇത്രയധികം സ്വത്തുക്കൾ സമ്പാദിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദില്ലി കേന്ദ്രീകരിച്ച് ആരംഭിച്ച് രാജസ്ഥാൻ വരെ നീളുന്ന മയക്കുമരുന്ന് വിതരണ ശൃംഖലയുടെ വേരുകൾ കണ്ടെത്താനും, ഇതിലെ മറ്റ് കണ്ണികളെയും ഇടപാടുകാരെയും പിടികൂടാനുമുള്ള തീവ്രശ്രമത്തിലാണ് പൊലീസ് ഇപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

