വർക്കല: കിണറ്റിൽ വീണ ആടിനെ പുറത്തെടുത്തതിന് ശേഷം കിണർ ശുചിയാക്കി നൽകാത്തതിലുള്ള വിരോധത്തെത്തുടർന്ന് ആട്ടുടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അയിരൂർ വയലരികത്ത് വീട്ടിൽ രാജശേഖരൻ പിള്ള (53)യാണ് അയിരൂർ പോലീസിന്റെ പിടിയിലായത്.
ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അയിരൂർ തേവനം സ്വദേശി രാജേന്ദ്രൻ (62) ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് രാജേന്ദ്രന്റെ ആട് രാജശേഖരൻ പിള്ളയുടെ വീട്ടിലെ കിണറ്റിൽ വീണത്.
തുടർന്ന് ആടിനെ പുറത്തെടുത്തെങ്കിലും കിണർ വൃത്തിയാക്കി നൽകിയില്ലെന്ന് ആരോപിച്ചുള്ള തർക്കം ഇരുവർക്കുമിടയിൽ നിലനിന്നിരുന്നു. ഈ മുൻവിരോധമാണ് പിന്നീട് വധശ്രമത്തിൽ കലാശിച്ചത്.
രാജേന്ദ്രനെ നെഞ്ചിലേക്ക് കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയത് വലിയൊരു ദുരന്തം ഒഴിവാക്കി. എങ്കിലും ആക്രമണത്തിനിടയിൽ രാജേന്ദ്രന് മൂന്ന് തവണ കുത്തേറ്റു.
മുതുകിൽ തോളിനോട് ചേർന്ന ഭാഗത്തും വാരിയെല്ലിന് സമീപത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ അയിരൂർ പോലീസ് പ്രതിയായ രാജശേഖരൻ പിള്ളയെ ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

