സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ നടപടി ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെ വിമർശിച്ചുകൊണ്ട് താൻ പ്രസ്താവന നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.
മുഹമ്മദ് ഖലീൽ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വ്യാജ പ്രചാരണം നടന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. “വകുപ്പുകളുടെ ഏകോപനമില്ല, കേരളത്തിൽ മുഖ്യമന്ത്രിയുടെ വൺ മാൻ ഷോ പ്രകടനം, കൂടുതൽ നീണ്ടുപോകില്ലെന്ന മുന്നറിയിപ്പുമായി വി എം സുധീരൻ” എന്ന തലക്കെട്ടോടെ തൻ്റെ ചിത്രം ഉൾപ്പെടെയുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി എം പത്മഗിരീശൻ മുഖേനയാണ് ഈ വ്യാജ പോസ്റ്റ് തൻ്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും വിദ്വേഷവും വളർത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് വി എം സുധീരൻ ആരോപിച്ചു.
സർക്കാരിനെതിരെ താൻ നിലപാടെടുത്തുവെന്ന രീതിയിൽ നടത്തുന്ന ഈ നീക്കം ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വി എം സുധീരൻ ആഭ്യന്തര മന്ത്രിയോട് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

