തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിനായി ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ ഉന്നതതല യോഗം നാളെ തിരുവനന്തപുരത്ത് ചേരും. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ഈ യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം കുറിക്കുന്ന ഒന്നാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വ്യാപകമായി എത്തുന്ന ലഹരിമരുന്നുകളുടെ ഉറവിടങ്ങൾ കണ്ടെത്തി അവയെ വേരോടെ പിഴുതെറിയുകയാണ് ഈ യോഗത്തിൻ്റെ പ്രധാന ലക്ഷ്യം. കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും വിതരണ ശൃംഖല അയൽസംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിർത്തി ഗ്രാമങ്ങളിലും കേന്ദ്രീകരിച്ചാണുള്ളത്.
ഈ സാഹചര്യത്തിൽ താഴേത്തട്ടിലുള്ള പൊലീസ് നടപടികൾക്കൊപ്പം മാക്രോ ലെവലിലുള്ള അന്തർസംസ്ഥാന സുരക്ഷാ ഏകോപനത്തിനും ആഭ്യന്തര വകുപ്പ് അതീവ പ്രാധാന്യം നൽകുന്നു. ലഹരി സിൻഡിക്കേറ്റുകളുടെ വേരറുക്കാൻ പ്രാദേശിക പ്രതിരോധത്തിനൊപ്പം അയൽസംസ്ഥാനങ്ങളുമായി ചേർന്നുള്ള സംയുക്ത പ്രതിരോധ ശൃംഖല എന്ന ഘട്ടത്തിലേക്ക് ഓപ്പറേഷൻ തൂഫാൻ കടക്കുകയാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
നിലവിൽ, അയൽസംസ്ഥാനങ്ങളുമായി ‘ഇൻ്റലിജൻസ് സിൻക്രോണിസിറ്റി’ അഥവാ തത്സമയ വിവര കൈമാറ്റ സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ബംഗളൂരു വിധാൻസൗധയിൽ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ‘ഓപ്പറേഷൻ തൂഫാനു’മായി കർണാടക സർക്കാർ പൂർണമായും സഹകരിക്കും എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.
തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളെ കൂടി ഈ കേന്ദ്രീകൃത ശൃംഖലയിൽ ഉൾപ്പെടുത്തുന്നതോടെ ലഹരിക്കടത്തിന്റെ സാമ്പത്തിക ഇടപാടുകളെയും സ്രോതസ്സുകളെയും കൃത്യമായി മാപ്പ് ചെയ്യാൻ കേരളാ പൊലീസിന് സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതിർത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധനകൾക്കപ്പുറം അന്തർസംസ്ഥാന ട്രെയിനുകൾ, ദീർഘദൂര ബസുകൾ, സ്വകാര്യ കൊറിയർ ശൃംഖലകൾ എന്നിവ വഴിയുള്ള ലഹരി കടത്തും ഈ സംയുക്ത നീക്കത്തിലൂടെ നിരീക്ഷിക്കും.
സ്മാർട്ട് പെട്രോളിങ്ങും സൈബർ നിരീക്ഷണവും സംയുക്തമായി നടപ്പിലാക്കുന്നത് സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ നാളത്തെ യോഗത്തിൽ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

