പത്തനംതിട്ടയിലെ കടമ്മനിട്ടയിൽ സ്വകാര്യ വസതിയിലെ ലിഫ്റ്റിൽ തല കുടുങ്ങി 75 വയസ്സുകാരന് ദാരുണാന്ത്യം. കല്ലേലി മുക്കിൽ അടയ്ക്ക മാവുങ്കൽ മാത്തുക്കുട്ടി (ജോയിക്കുട്ടി) ആണ് മരിച്ചത്.
റോഡ് നിരപ്പിൽ നിന്നും ഉയരത്തിലുള്ള വീട്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനായി സ്ഥാപിച്ച ലിഫ്റ്റിലാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ പശ്ചാത്തലം
പ്രായത്തിന്റെ അവശതകൾ പരിഗണിച്ച് രണ്ട് വർഷം മുൻപാണ് മാത്തുക്കുട്ടിയുടെ മക്കൾ ഈ ലിഫ്റ്റ് സംവിധാനം വീട്ടിൽ ഒരുക്കിയത്.
കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച കണ്ടക്ടറാണ് അന്തരിച്ച മാത്തുക്കുട്ടി. സംഭവദിവസം വീട്ടിൽ മരം മുറിക്കാനെത്തിയ തൊഴിലാളിയെ യാത്രയാക്കി മടങ്ങിയെത്തിയപ്പോഴായിരുന്നു അപകടം.
വൈദ്യുതി തടസ്സം മൂലം ലിഫ്റ്റ് നിലച്ചപ്പോൾ, എന്താണ് സംഭവിച്ചതെന്ന് അറിയാൻ പുറത്തേക്ക് തലയിട്ടു നോക്കുന്നതിനിടെ ലിഫ്റ്റ് പെട്ടെന്ന് പ്രവർത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ലിഫ്റ്റിന്റെ ഇരുമ്പ് ഫ്രെയിമുകൾക്കിടയിൽ തല കുടുങ്ങിയ നിലയിലായിരുന്നു അദ്ദേഹം.
രക്ഷാപ്രവർത്തനവും ദൃക്സാക്ഷികളും
സംഭവസ്ഥലത്തുണ്ടായിരുന്ന അയൽവാസികൾ നിമിഷങ്ങൾക്കുള്ളിൽ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ‘‘ഉച്ചയ്ക്കു 12.40ന് അന്നമ്മാമ്മയുടെ (അന്നമ്മ മാത്യു) നിലവിളി കേട്ടാണ് ഓടിയെത്തിയത്.
വീട്ടുമുറ്റത്തുനിന്ന് ലിഫ്റ്റിലേക്കു നോക്കി കരയുകയായിരുന്നു. രണ്ടു കമ്പികൾക്കിടയിൽ കഴുത്തുപെട്ട് അനങ്ങാനാകാതെ മാത്തുക്കുട്ടി നിൽക്കുകയായിരുന്നു.
വൈദ്യുതി ഓഫാക്കി വെട്ടുകത്തിയെടുത്ത് ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ അഗ്നിരക്ഷാസേനയെ വിളിച്ചു.
20 മിനിറ്റോളം കഴിഞ്ഞ് അവരെത്തുമ്പോഴേക്കും ഞങ്ങളുടെ കൺമുന്നിൽ മാത്തുക്കുട്ടി മരിച്ചിരുന്നു. ഞങ്ങൾക്ക് ഒന്നും ചെയ്യാനായില്ല.’’– ദൃക്സാക്ഷികൾ പറഞ്ഞു.
അഗ്നിരക്ഷാസേനയുടെ ഇടപെടൽ
വിവരമറിഞ്ഞെത്തിയ പത്തനംതിട്ട അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസർ വി.വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.പി.പ്രദീപ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ എസ്.ഫ്രാൻസിസ്, എ.രഞ്ജിത്ത്, എൻ.ആർ.തൻസീർ, ടി.അജു, ഹോം ഗാർഡ് എൻ.അനിൽ കുമാർ എന്നിവരടങ്ങുന്ന സംഘം പൈപ്പുകൾ മുറിച്ച് മൃതദേഹം പുറത്തെടുത്തു. ആറന്മുള പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.
മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ജോമോൻ മാത്യു, ജിസോ ജെ.മാത്യു എന്നിവരാണ് മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

