താമരശ്ശേരി ചുരത്തിൽ നവീകരണ പ്രവൃത്തികൾ നടന്നു വരുന്ന എട്ടാം വളവിൽ കനത്ത മഴയെത്തുടർന്ന് വിള്ളൽ രൂപപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇതുവഴിയുള്ള വാഹനഗതാഗതം നിലവിൽ വൺവേ ആയാണ് ക്രമീകരിച്ചിരിക്കുന്നത്.
സുരക്ഷാ ഭിത്തിയോട് ചേർന്ന് ആറുമീറ്റർ നീളത്തിലും ഏകദേശം ഒരു മീറ്റർ ആഴത്തിലുമാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ വിള്ളൽ ശ്രദ്ധയിൽപ്പെട്ടതോടെ തന്നെ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി അടിയന്തര സുരക്ഷാ നടപടികൾ ആരംഭിച്ചു.
നിലവിൽ ഇവിടെ നടന്നു വന്നിരുന്ന നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചു. വിള്ളലിലേക്ക് മഴവെള്ളം ഇറങ്ങുന്നത് തടയുന്നതിനായി പ്ലാസ്റ്റിക് ഷീറ്റുകൾ വിരിക്കുകയും മണൽച്ചാക്കുകൾ നിരത്തുകയും ചെയ്യുന്ന താൽക്കാലിക പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കൂടാതെ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. നവീകരണ പ്രവൃത്തികൾക്കായി മണ്ണുമാന്തി യന്ത്രം ഇറക്കുന്നതിനായി മണ്ണ് നീക്കിയ ഭാഗത്തിന് സമീപത്തായാണ് വിള്ളൽ രൂപപ്പെട്ടത്.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സബ് കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദേശീയപാത, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ആർആർടി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങൾക്ക് ദേശീയപാത സൂപ്രണ്ടിങ് എൻജിനീയർ രാജേഷ് ചന്ദ്, എക്സിക്യുട്ടീവ് എൻജിനീയർ കെ.വി.സുജീഷ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർമാരായ എം.സലീം, നിഥിൻ, താമരശ്ശേരി ഇൻസ്പെക്ടർ കിരൺ, ഹൈവേ പൊലീസ് എസ്ഐ ജിതേഷ് എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

