സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് പുതിയ കർമ്മപദ്ധതിക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് നിവേദനം സമർപ്പിച്ചു. എറണാകുളത്തെ ജെയിൻ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഫ്യൂച്ചർ കേന്ദ്രത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഫൗണ്ടേഷൻ ഭാരവാഹികൾ തങ്ങളുടെ നിർദേശങ്ങൾ മന്ത്രിക്ക് കൈമാറിയത്.
വനത്തിനുള്ളിൽ വന്യജീവികൾക്ക് ആവശ്യമായ ഭക്ഷ്യലഭ്യതയും ജലസ്രോതസ്സുകളും ഇല്ലാതാകുന്നതും ആവാസ വ്യവസ്ഥയുടെ ശോഷണവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. നിലവിൽ നടപ്പിലാക്കി വരുന്ന സൗരോർജ വേലികൾ, കിടങ്ങുകൾ, സംരക്ഷണഭിത്തികൾ തുടങ്ങിയവ താൽക്കാലിക പരിഹാരങ്ങൾ മാത്രമാണെന്നും, ശാശ്വത പരിഹാരത്തിനായി “വന്യജീവി ഭക്ഷ്യസുരക്ഷാ പദ്ധതി” നടപ്പിലാക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
വനവൽക്കരണത്തിന്റെ ഭാഗമായി നിലവിൽ നട്ടുപിടിപ്പിക്കുന്ന തേക്ക്, മഹാഗണി, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങൾക്ക് പകരം വന്യജീവികൾക്ക് ഉപകരിക്കുന്ന ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. നെല്ലി, മാവ്, പുളി, ഞാവൽ, കാട്ടുതെങ്ങ്, അത്തി, കാട്ടുപ്ലാവ്, പേര, കാട്ടുവാഴ, ആഞ്ഞിലി തുടങ്ങിയ വൃക്ഷങ്ങളും, കരിമ്പ്, കിഴങ്ങുവർഗങ്ങളും വനാന്തർഭാഗങ്ങളിൽ കൃഷി ചെയ്യണമെന്നും നിർദേശമുണ്ട്.
കൂടാതെ ഡ്രോൺ, ഹെലികോപ്റ്റർ എന്നിവയുടെ സഹായത്തോടെ വിത്തുകൾ വിതറുന്ന പ്രത്യേക പദ്ധതികളും ഗവേഷണങ്ങളും നടപ്പിലാക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെടുന്നു. സർക്കാർ മുൻകൈ എടുക്കുകയാണെങ്കിൽ സന്നദ്ധ സംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർഥികൾ എന്നിവരെ ഉൾപ്പെടുത്തി വനാന്തർഭാഗങ്ങളിൽ ഫലവൃക്ഷത്തോട്ടങ്ങൾ നിർമ്മിക്കാൻ സന്നദ്ധമാണെന്നും ഫൗണ്ടേഷൻ അറിയിച്ചു.
നിവേദക സംഘത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ, ജനറൽ സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, ടി.കെ.സാജു, സി.എം. ഫിലിപ്പ്, റോയ് വർഗ്ഗീസ്, ജോൺ സാമുവേൽ, അബ്ദുൽ ഹാരിസ് എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

