യാത്രാവേളയിൽ ഡ്രൈവറുടെ അനുവാദമില്ലാതെ വാഹനത്തിനുള്ളിൽ വെച്ച് സിഗരറ്റ് കത്തിച്ച യാത്രക്കാരനെ പുറത്താക്കിയ ടാക്സി ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ലക്ഷയ് മേത്ത എന്ന എക്സ് ഉപയോക്താവാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്.
വാഹനം തന്റെ സ്വകാര്യ സ്വത്താണെന്നും അതിലെ നിയമങ്ങൾ പാലിക്കാൻ യാത്രക്കാർ ബാധ്യസ്ഥരാണെന്നും ഡ്രൈവർ നിലപാടെടുത്തതോടെയാണ് സംഭവം വാർത്താപ്രാധാന്യം നേടിയത്. വീഡിയോയിൽ, സിഗരറ്റ് കത്തിക്കുന്നതിന് മുൻപ് തന്നോട് അനുവാദം ചോദിച്ചിരുന്നോ എന്ന് ഡ്രൈവർ യാത്രക്കാരനോട് ചോദിക്കുന്നത് വ്യക്തമാണ്.
തന്റെ വാഹനത്തിൽ പുകവലി അനുവദനീയമല്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. “സിഗരറ്റ് കത്തിക്കുന്നതിനു മുമ്പ് എന്നോട് ചോദിച്ചോ? എന്റെ കാറിൽ പുകവലി അനുവദനീയമല്ല,” എന്ന് ഡ്രൈവർ പറയുന്നത് ദൃശ്യങ്ങളിൽ കാണാം.
എന്നാൽ, ടാക്സി ആയതുകൊണ്ട് പുകവലിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്നായിരുന്നു യാത്രക്കാരന്റെ വാദം. ഈ മറുപടിയിൽ അതൃപ്തനായ ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരികിൽ നിർത്തി യാത്രക്കാരനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.
“ഞാൻ യാത്ര റദ്ദാക്കുകയാണ്. എനിക്ക് നിങ്ങളുടെ പണം വേണ്ട.
ദയവായി എന്റെ കാറിൽ നിന്ന് ഇറങ്ങൂ. ഞാൻ ഒരു ടാക്സി ഡ്രൈവറാണ്, നിങ്ങളുടെ വേലക്കാരനല്ല” എന്ന് അദ്ദേഹം കർശനമായി പറയുന്നതും വീഡിയോയിലുണ്ട്.
തുടർന്ന് യാത്രക്കാരന്റെ ലഗേജ് പുറത്തെടുത്ത് വെച്ച ശേഷം ഡ്രൈവർ വാഹനം ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലമോ തീയതിയോ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഈ സംഭവത്തിന് പിന്നാലെ ഡ്രൈവർക്ക് വലിയ തോതിലുള്ള പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ടാക്സി വാഹനം സേവനം നൽകുന്നുണ്ടെങ്കിലും, അത് ഡ്രൈവറുടെ തൊഴിലിടമാണെന്നും പുകവലി പോലുള്ള കാര്യങ്ങളിൽ ഡ്രൈവർക്ക് തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.
പൊതുമര്യാദയുടെ ഭാഗമായി ഇത്തരം കാര്യങ്ങളിൽ അനുവാദം ചോദിക്കേണ്ടത് അത്യാവശ്യമാണെന്ന് നെറ്റിസെൻസ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ചിത്രീകരിച്ച വീഡിയോയാണോ എന്ന സംശയവും ചിലർ പങ്കുവെക്കുന്നുണ്ട്.
യാത്രക്കാരുടെ മര്യാദകളെക്കുറിച്ചും ഡ്രൈവർമാരുടെ അവകാശങ്ങളെക്കുറിച്ചും വലിയൊരു ചർച്ചയ്ക്ക് ഈ ദൃശ്യങ്ങൾ വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

