ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ വെച്ച് കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിക്കും സംഘത്തിനും പങ്കുണ്ടെന്ന് യുഎസ് കുറ്റപത്രം വ്യക്തമാക്കുന്നു.
2023 ജൂൺ 18-ന് കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലാണ് 45 വയസ്സുള്ള നിജ്ജർ വെടിയേറ്റ് മരിച്ചത്. ലൊസാഞ്ചലസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നതനുസരിച്ച്, ഈ കൊലപാതകം ആസൂത്രണം ചെയ്തതിൽ ബിഷ്ണോയിയുടെ പ്രധാന സഹായി ഗോൾഡി ബ്രാറിന് നിർണ്ണായക പങ്കുണ്ട്.
ഇന്ത്യയിലെ ജയിലിൽ തടവിൽ കഴിയുമ്പോഴും അനധികൃതമായി കടത്തിയ മൊബൈൽ ഫോൺ ഉപയോഗിച്ച്, ബിഷ്ണോയി തന്റെ സംഘാംഗങ്ങൾക്ക് നിജ്ജറിന്റെ ചിത്രം അയച്ചുകൊടുക്കുകയും കൃത്യത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. നിലവിൽ ഗോൾഡി ബ്രാറിനെ കണ്ടെത്തുന്നവർക്ക് 50,000 ഡോളർ പാരിതോഷികം യുഎസ് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യാന്തര തലത്തിൽ കുറ്റവാളികളെ പിടികൂടുന്നതിനായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഹാർഡ്ബോൾ’ എന്ന അന്വേഷണ പദ്ധതിയുടെ ഭാഗമായി യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 11 പേർക്ക് ഇന്ത്യൻ മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കുറ്റപത്രം സാക്ഷ്യപ്പെടുത്തുന്നു.
2015 മുതൽ ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ബിഷ്ണോയി, പുറത്തുള്ള വിശ്വസ്തരായ സംഘാംഗങ്ങളെ നിയോഗിച്ചാണ് ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിലവിൽ ബിഷ്ണോയി സംഘത്തിലെ 10 പേർക്കായി അന്വേഷണം തുടരുകയാണ്.
ഇതിൽ ഏഴ് പേർ യുഎസിലും, രണ്ട് പേർ ഇന്ത്യയിലും, ഒരാൾ യൂറോപ്പിലുമാണുള്ളത്. നിജ്ജർ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന അന്നത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു.
എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് സമർപ്പിക്കപ്പെട്ട യുഎസ് കുറ്റപത്രത്തിൽ യാതൊരു പരാമർശവുമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

