തിരുവനന്തപുരം തിരുവല്ലത്ത് നടന്ന ദാരുണമായ ബൈക്ക് അപകടത്തിൽ നിർണ്ണായക വഴിത്തിരിവ്. അപകടം നടന്നത് ബൈക്കിന്റെ നിയന്ത്രണം വിട്ടല്ലെന്നും, പിന്നാലെ വന്ന വാഹനം ഇടിച്ചതിനെത്തുടർന്നാണെന്നും പോലീസ് സ്ഥിരീകരിച്ചു.
മലയിൻകീഴിലെ ഒരു വീട്ടിൽ നിന്നും അപകടത്തിന് കാരണമായ കാർ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കാർ ഓടിച്ച വിപിൻ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു.
ഇടിച്ച ശേഷം നിർത്താതെ പോയതാണെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. നവീൻ സിബി (25), മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
എറണാകുളം സ്വദേശിയായ നവീൻ സിബി ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ എഞ്ചിനീയറാണ്. തൊടുപുഴ സ്വദേശിയായ മൃദുല ആൻ ഉമ്മൻ കിൻഫ്രയിലെ ഐടി ജീവനക്കാരിയുമാണ്.
ഇന്നലെ നവീന്റെ ജന്മദിനത്തോടനുബന്ധിച്ച് കോവളം ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യവെ തിരുവല്ലം ടോൾ പ്ലാസിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകടസ്ഥലത്ത് പോലീസ് നടത്തിയ വിശദമായ പരിശോധനയും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

