ഇന്ത്യൻ വ്യവസായങ്ങളുടെ നട്ടെല്ലായി മാറിയിരിക്കുകയാണ് ഒമാനിലെ ധോഫാർ മേഖലയിൽ നിന്ന് ഖനനം ചെയ്യുന്ന ഉയർന്ന നിലവാരമുള്ള ചുണ്ണാമ്പുകല്ലുകൾ. സിമന്റ്, സ്റ്റീൽ, ഗ്ലാസ്, രാസവസ്തു നിർമ്മാണ മേഖലകളിൽ അസംസ്കൃത വസ്തുവായി പ്രവർത്തിക്കുന്ന ഈ പ്രകൃതി വിഭവം, ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിലെ നിർണ്ണായക കണ്ണിയാണ്.
ധോഫാറിലെ ജബൽ ഖറ, ജബൽ സമ്ഹാൻ, മുഗ്സൈൽ എന്നീ മലനിരകളാണ് ഈ ചുണ്ണാമ്പുകല്ലുകളുടെ പ്രധാന ഉറവിടം. കുറഞ്ഞ സിലിക്കയും ഉയർന്ന കാൽസ്യം കാർബണേറ്റ് അംശവുമുള്ളതാണ് ഇവിടുത്തെ ചുണ്ണാമ്പുകല്ലുകൾ.
ഇവയുടെ ഗുണമേന്മ തന്നെയാണ് അന്താരാഷ്ട്ര വിപണിയിൽ ഇതിന് വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നത്. നിലവിൽ ഒമാന്റെ ഏറ്റവും വിലമതിക്കുന്ന പ്രകൃതി വിഭവങ്ങളിൽ ഒന്നായി ഇത് മാറി കഴിഞ്ഞു.
പ്രതിവർഷം ലക്ഷക്കണക്കിന് ടൺ ചുണ്ണാമ്പുകല്ലുകളാണ് ഇവിടെ നിന്ന് ഖനനം ചെയ്യുന്നത്. ഇതിൽ സിംഹഭാഗവും ഇന്ത്യയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
ലഭ്യമായ കണക്കുകൾ പ്രകാരം, ഏകദേശം 510 കോടി കിലോഗ്രാം ചുണ്ണാമ്പുകല്ലാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. സലാല തുറമുഖം കേന്ദ്രീകരിച്ചാണ് ഈ വലിയ തോതിലുള്ള വ്യാപാര പ്രവർത്തനങ്ങൾ നടക്കുന്നത്.
എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന സമ്പദ്വ്യവസ്ഥയിൽ നിന്ന് ഖനന-വ്യവസായ മേഖലകളിലേക്ക് മാറാനുള്ള ഒമാന്റെ ശ്രമങ്ങൾക്ക് ധോഫാറിലെ ഈ വ്യവസായം വലിയ മുതൽക്കൂട്ടാണ്. സലാലയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്ന ഓരോ ചരക്കുകപ്പലും ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ വ്യാപാര പങ്കാളിത്തത്തിന്റെ പ്രതീകമായി മാറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

