ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദമായ മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ‘സ്വിച്ച് ടു വെൽവെറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാംപെയ്ൻ കേരളത്തിലെ വിവിധ തൊഴിൽ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിലാണ് നിലവിൽ നടപ്പിലാക്കുന്നത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എൽഎൽ. പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന സാനിറ്ററി ഉൽപ്പന്നങ്ങൾക്ക് പകരമായി മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അഞ്ചോ അതിലധികമോ വർഷങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന മെൻസ്ട്രൽ കപ്പുകൾ സ്ത്രീകളുടെ ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഒരുപോലെ ഗുണകരമാണ്. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്തെ പാളയം കല്യാൺ സിൽക്സിൽ വെച്ച് നടന്നു.
ചടങ്ങിൽ പങ്കെടുത്ത വനിതാ ജീവനക്കാർക്കായി ആരോഗ്യവിദഗ്ദ്ധർ പ്രത്യേക ക്ലാസുകൾ നയിച്ചു. മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗക്രമം, ഗുണങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
സംശയനിവാരണത്തിനുള്ള അവസരവും ഇതിലൂടെ ഒരുക്കിയിരുന്നു. എച്ച്എൽഎൽ പുറത്തിറക്കുന്ന ‘വെൽവെറ്റ്’ മെൻസ്ട്രൽ കപ്പുകൾ തിരുവനന്തപുരത്തെ ആക്കുളം ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്.
ഉയർന്ന നിലവാരമുള്ള മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ചാണ് ഇവയുടെ നിർമ്മാണം. ഉപഭോക്താക്കൾക്ക് ഗൈനക്കോളജിസ്റ്റുകളുടെയും മറ്റ് വിദഗ്ദ്ധരുടെയും സേവനം ‘വെൽവെറ്റ്’ വഴി ലഭ്യമാക്കുന്നുണ്ട്.
ആർത്തവ ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി ആക്കുളം ഫാക്ടറിയിലെ നിർമ്മാണ ശേഷി 50 ലക്ഷം യൂണിറ്റായി എച്ച്എൽഎൽ വർദ്ധിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

