കുമ്പളം-തേവര പാലം നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഉറപ്പ്.
പദ്ധതിയുടെ കരാറുകാരനെ അടിയന്തരമായി നിശ്ചയിക്കുന്നതിന് നിർദേശം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്, നിവേദനവുമായി എത്തിയ മുൻ എംഎൽഎ കെ.ബാബുവിനെ അറിയിച്ചു. പദ്ധതിയുടെ ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു.
ഇതിനായി ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ്, സൂര്യ കൺസ്ട്രക്ഷൻസ്, രാഹുൽ കൺസ്ട്രക്ഷൻസ് എന്നീ കമ്പനികൾ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി തന്നെ ‘ടെക്നിക്കൽ ബിഡ്’ തുറക്കുന്ന നടപടികൾ പൂർത്തിയായിരുന്നു.
എന്നാൽ, ‘പ്രൈസ് ബിഡ്’ തുറക്കുന്നതിന് തൊട്ടുമുൻപ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ നടപടികൾ തടസ്സപ്പെട്ടു. പുതിയ സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് നിർമാണച്ചുമതലയുള്ള കേരള റോഡ്സ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ലക്ഷ്യമിടുന്നത്.
പ്രൈസ് ബിഡ് തുറന്നാലുടൻ കരാറുകാരനെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധിക്കും. പദ്ധതിയുടെ സാമ്പത്തിക വശങ്ങൾ
പാലത്തിന്റെ നിർമാണച്ചെലവിലേക്കായി മാത്രം 77.25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഇതിനുപുറമെ, ഹൈമാസ്റ്റ്-മിനിമാസ്റ്റ് ലൈറ്റുകൾ, വൈദ്യുത ലൈനുകൾ, കേബിളുകൾ, ശുദ്ധജല വിതരണ പൈപ്പുകൾ എന്നിവയുടെ ചെലവും 18% ജിഎസ്ടിയും ഉൾപ്പെടെ 92.90 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. നിർമാണ പ്രവർത്തനങ്ങൾക്കായി കുമ്പളം, എളംകുളം വില്ലേജുകളിലായി 30 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
പ്രധാന സവിശേഷതകൾ
നിർദിഷ്ട പാലത്തിന് 714.8 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുണ്ടാകും.
കാൽനടയാത്രക്കാർക്കായി 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം 25 തൂണുകളിൽ നിർമിക്കുന്ന പാലത്തിൽ തൂണുകൾ തമ്മിൽ 50.20 മീറ്റർ അകലവും ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരവും ഉണ്ടായിരിക്കും.
രണ്ട് വർഷമാണ് പദ്ധതിയുടെ നിർമാണ കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

