വയനാട് ജില്ലയിലെ കോളിയാടി സ്കൂളിലെ വിദ്യാർത്ഥികളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കുട്ടികളുടെ കുടുംബാംഗങ്ങൾ അടിയന്തരമായി ചികിത്സ തേടണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
രോഗബാധയുള്ള കുട്ടികളുടെ വീടുകളിലെ കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ സഹോദരങ്ങൾ പഠിക്കുന്ന മറ്റ് സ്കൂളുകളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
ജില്ലയിലെ സ്കൂളുകളിലെ കിണറുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകൾ നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്.
ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി 339 വിദ്യാർത്ഥികൾ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
ഇതിൽ 60 കുട്ടികളാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. അയച്ച 21 സാംപിളുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

