വിതുരയിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. പൊന്മുടിയിൽ വിനോദ സഞ്ചാര സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വാനിന്റെ ചില്ല് തകർത്ത സംഭവത്തിലാണ് നടപടി.
മാരകായുധങ്ങളുമായി വാഹനത്തെ പിന്തുടർന്നെത്തി ആക്രമണം നടത്തിയ മുഖംമൂടി സംഘത്തെക്കുറിച്ച് നിർണ്ണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് വിതുര പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെമ്പായം സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ അക്രമികൾ സഞ്ചരിച്ചിരുന്ന വാഹനം ഇപ്പോഴും മലപ്പുറം സ്വദേശിയുടെ പേരിലാണുള്ളത്. മലപ്പുറം സ്വദേശിയിൽ നിന്ന് വാഹനം വാങ്ങിയെങ്കിലും ഉടമസ്ഥാവകാശം മാറ്റാൻ നടപടികൾ സ്വീകരിച്ചിട്ടില്ല.
വാഹനം സ്വന്തമാക്കിയ വെമ്പായം സ്വദേശിയാണോ ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. വെഞ്ഞാറമൂട്, വെമ്പായം പൊലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലം
പൊന്മുടിയിൽ വിനോദയാത്രയ്ക്കിടെ പാട്ടു വച്ച് ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ടു സംഘങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ബാലരാമപുരം സ്വദേശികളാണ് വാനിൽ ഉണ്ടായിരുന്നത്.
തർക്കത്തെ തുടർന്ന് ഇവർ മടങ്ങിയെങ്കിലും, പൊന്മുടിയിൽ നിന്ന് 28 കിലോമീറ്റർ അകലെ സംസ്ഥാന ഹൈവേയിലെ ഇരുത്തലമൂല ജംക്ഷനിൽ വെച്ച് മുഖംമൂടി ധരിച്ചെത്തിയ സംഘം ഇവരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുപ്പതോളം പേർ വാനിൽ ഉണ്ടായിരുന്നു.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇരയായ സഞ്ചാരികളെ പൊലീസ് ഇടപെട്ട് മറ്റൊരു വാഹനത്തിൽ സുരക്ഷിതമായി യാത്രയാക്കിയിരുന്നു.
പ്രതികളെ പിടികൂടാൻ പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

