സംസ്ഥാന പൊലീസ് സേനയ്ക്കായി വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) സർക്കാരിന് ശുപാർശ നൽകി. നിലവിലുള്ള ഹെലികോപ്റ്റർ വാടക കരാർ ഈ ആഗസ്റ്റ് മാസത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
മുൻപ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊലീസ് ഫണ്ട് ഉപയോഗിച്ചാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന പദ്ധതി ആരംഭിച്ചത്. മാവോയിസ്റ്റ് നിരീക്ഷണം, വിവിഐപി യാത്രകൾ എന്നിവ മുൻനിർത്തിയായിരുന്നു ഈ നടപടി.
തുടക്കത്തിൽ പവൻ ഹൻസിൽ നിന്നാണ് സേവനം ലഭ്യമാക്കിയതെങ്കിലും, ടെൻഡറില്ലാത്ത കരാർ എന്ന നിലയിൽ ഉയർന്ന വിവാദങ്ങളെത്തുടർന്ന് രണ്ടാം പിണറായി സർക്കാർ പിന്നീട് ടെൻഡർ നടപടികളിലൂടെ ചിപ്സൺ ഏവിയേഷൻ കമ്പനിക്ക് കരാർ നൽകുകയായിരുന്നു. അഞ്ചു വർഷത്തേക്കുള്ള ഈ കരാർ പ്രകാരം പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിനായി 80 ലക്ഷം രൂപയാണ് വാടകയായി നൽകുന്നത്.
നിശ്ചിത മണിക്കൂറിൽ കൂടുതൽ ഉപയോഗിച്ചാൽ അധിക തുകയും നൽകേണ്ടതുണ്ട്. ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത വാടക സർക്കാർ ഖജനാവിൽ നിന്ന് നൽകണം.
ഈ കരാർ പുതുക്കുന്നതിനോ തുടർന്നുപോകുന്നതിനോ ഉള്ള അധികാരം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലാണ്. നേരത്തെ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ഫണ്ട് കൂടി ഉൾപ്പെടുത്തിയായിരുന്നു വാടക നൽകിയിരുന്നത്.
എന്നാൽ, സംസ്ഥാനത്തെ മാവോയിസ്റ്റ് വിമുക്ത പ്രദേശമായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കേന്ദ്ര സഹായത്തിൽ കുറവുണ്ടായിട്ടുണ്ട്. ഹെലികോപ്റ്റർ ഉപയോഗം സംബന്ധിച്ച കണക്കുകൾ സർക്കാർ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അവയവദാന പ്രക്രിയകൾക്കായി എട്ടു തവണയും, വയനാട് ദുരന്തം ഉണ്ടായ സമയത്തുൾപ്പെടെയുള്ള വിഐപി യാത്രകൾക്കായും ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തിരുന്നപ്പോൾ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്ന യുഡിഎഫ്, സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ എന്ത് തീരുമാനമെടുക്കുമെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ഉറ്റുനോക്കപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

