ബ്രൗസിംഗ് അനുഭവത്തിൽ പുതിയ സാധ്യതകൾ തേടി ഗൂഗിൾ. നിലവിൽ സ്ക്രീനിലെ ഭാഗങ്ങൾ തിരഞ്ഞെടുത്ത് തിരയാൻ സാധിക്കുന്ന ഗൂഗിൾ ലെൻസ് സൗകര്യത്തിന് പുറമെ, കൂടുതൽ നൂതനമായ ഒരു സംവിധാനം കൂടി ഗൂഗിൾ ക്രോമിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.
മൊബൈൽ ഫോണുകളിൽ ലഭ്യമായ ‘സർക്കിൾ ടു സെർച്ച്’ (CtS) ഫീച്ചറിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന വിഷ്വൽ സെർച്ച് സംവിധാനമാണ് ബ്രൗസറിലെ ‘ആസ്ക് ജെമിനി’ (Ask Gemini) സൈഡ് പാനലിൽ ഒരുങ്ങുന്നത്. മാർച്ച് മാസം മുതൽ തന്നെ ഈ സാങ്കേതികവിദ്യയുടെ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് ബ്രൗസർ അനലിസ്റ്റ് Leopeva64 നേരത്തെ കണ്ടെത്തിയിരുന്നു.
സ്ക്രീൻ സെലക്ഷൻ ഓവർലേ എന്ന സംവിധാനമാണ് ഇതിനായി വികസിപ്പിക്കുന്നത്. നിലവിൽ കാനറി (Canary) പതിപ്പിൽ ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
പുതിയ സംവിധാനം പൂർണ്ണമായി പ്രവർത്തനസജ്ജമായാൽ, ഉപയോക്താക്കൾക്ക് ‘ആഡ് അറ്റാച്ച്മെന്റ്സ്’ (Add attachments) വഴി ‘സെലക്ട് ഫ്രം സ്ക്രീൻ’ (Select from screen) എന്ന ഓപ്ഷൻ ഉപയോഗിക്കാനാകും. സ്ക്രീനിലെ ചിത്രങ്ങളിലോ ടെക്സ്റ്റുകളിലോ വട്ടം വരച്ചോ അല്ലെങ്കിൽ ഒരു വര വരച്ചോ തിരയാൻ ഇതിലൂടെ സാധിക്കും.
ഇങ്ങനെ തിരഞ്ഞെടുക്കുന്ന ഭാഗങ്ങൾ സ്ക്രീൻഷോട്ട് രൂപത്തിൽ ജെമിനി സൈഡ് പാനലിലേക്ക് നേരിട്ട് എത്തും. തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാനായി ഉപയോക്താക്കൾക്ക് ജെമിനിയോട് സംവദിക്കാനും സാധിക്കും.
സങ്കീർണ്ണമായ വിഷ്വൽ സെർച്ചുകൾക്ക് നിലവിലെ ഗൂഗിൾ സെർച്ചിനേക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഈ പുതിയ ഫീച്ചറിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

