ഹരിയാനയിലെ റോഹ്തക് ജില്ലയിൽ രാജ്യാന്തര കബഡി താരം ഷീലു ബലഹാരയുടെ ഭാര്യ മുസ്കാൻ (23) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ആവശ്യമായ പരിശോധനകൾ നടത്തിയിട്ടുണ്ട്.
റോഹ്തക്കിലെ മെഹാം സ്വദേശിനിയായ മുസ്കാൻ, 2023 ഡിസംബർ മാസത്തിലാണ് ഷീലുവിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജീവനൊടുക്കുന്നതിന് തൊട്ടുതലേദിവസം മുസ്കാൻ ഒരു പഞ്ചാബി ഗാനത്തിനൊപ്പമുള്ള റീൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും ഭാഗത്തുനിന്നുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങളെ തുടർന്ന് ഡെറാഡൂണിൽ ഒരു അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിന്റെ തൊട്ടുപിന്നാലെയാണ് മുസ്കാന്റെയും ദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

