സംസ്ഥാനത്തെ ഊർജമേഖലയ്ക്ക് വലിയ ആശ്വാസമായി മുള്ളേരിയയിലെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) മാറിയിരിക്കുന്നു. ഇവിടെയുള്ള 15 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റിൽ നിന്ന് വൈദ്യുതി ലഭ്യമായി തുടങ്ങിയതോടെ ബോർഡിന് വലിയ തോതിലുള്ള തുകയാണ് ലാഭിക്കാനാകുന്നത്.
ഉപയോഗം ക്രമാതീതമായി വർധിക്കുന്ന രാത്രികാലങ്ങളിൽ പുറത്തുനിന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ട്.
പീക്ക് സമയങ്ങളിൽ പുറമെനിന്നു യൂണിറ്റിനു 16 രൂപയിലേറെ നൽകി വൈദ്യുതി വാങ്ങുമ്പോൾ, മുള്ളേരിയ ബെസിൽ നിന്നു എടുക്കുന്ന വൈദ്യുതിക്ക് ചെലവാകുന്നത് 10 രൂപയിൽ താഴെ മാത്രമാണ്. ഇതുവഴി ഒരു യൂണിറ്റിനു കുറഞ്ഞത് 6 രൂപയുടെ ലാഭമാണ് ലഭിക്കുന്നത്.
പ്രതിദിനം 60,000 യൂണിറ്റ് വൈദ്യുതിയാണ് ഈ സംവിധാനത്തിൽ നിന്നും ബോർഡ് പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞ ഒക്ടോബർ മാസം 15നു നിർമാണം പൂർത്തിയാക്കപ്പെട്ട
ഈ യൂണിറ്റ് ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നതിന് മുൻപ് തന്നെ ഒക്ടോബർ 16 മുതൽ വൈദ്യുതി ലഭ്യമാക്കി തുടങ്ങിയിരുന്നു. സാധാരണയായി രാത്രി 7 മണി മുതൽ 11 മണി വരെയുള്ള സമയത്താണ് 15 മെഗാവാട്ട് വീതം അതായത് 60,000 യൂണിറ്റ് വൈദ്യുതി ഇവിടെ നിന്നും ലഭിക്കുന്നത്.
പകൽ സമയങ്ങളിൽ സൗരോർജ പാർക്കുകളിൽ നിന്നും നാഷനൽ ഗ്രിഡിൽ നിന്നും കുറഞ്ഞ നിരക്കിലാണ് ഊർജം ലഭ്യമാകുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന വൈദ്യുതി സംഭരിച്ചു വെച്ച്, ഡിമാൻഡ് കുത്തനെ ഉയരുന്ന രാത്രി സമയങ്ങളിൽ വിതരണം ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കേരളത്തിൽ ആദ്യമായി പൂർത്തീകരിക്കപ്പെട്ട ബെസ് യൂണിറ്റാണിത്.
പകൽ സമയങ്ങളിൽ ലഭ്യമാകുന്ന വൈദ്യുതിക്ക് പരമാവധി 5.6 രൂപയാണ് ബോർഡ് നൽകുന്നത്. ചില സന്ദർഭങ്ങളിൽ ഒരു രൂപയിൽ താഴെയും വൈദ്യുതി ലഭിക്കാറുണ്ട്.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷനൽ ഹൈഡ്രോ പവർ കോർപറേഷന്റെ നേതൃത്വത്തിൽ തികച്ചും സ്വകാര്യാടിസ്ഥാനത്തിലാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. ബാറ്ററി യൂണിറ്റ് സ്ഥാപിക്കാനുള്ള ഭൂമി നൽകിയതൊഴിച്ചാൽ, ബാക്കി മുഴുവൻ നിർമാണച്ചെലവും വഹിച്ചത് സ്വകാര്യ കമ്പനിയാണ്.
ഗുജറാത്ത് ആസ്ഥാനമായ ഒപേര ഗ്രീൻ യാന പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് 60 കോടി രൂപ മുടക്കി ഈ സംരംഭം പൂർത്തിയാക്കിയത്. സർവീസ് ചാർജായി ഒരു യൂണിറ്റിന് 4.38 രൂപയാണ് ബോർഡ് ഇവർക്ക് നൽകുന്നത്.
പകൽ സമയത്തെ പരമാവധി നിരക്കായ 5.6 രൂപയും കമ്പനിക്ക് നൽകുന്ന 4.38 രൂപയും ഉൾപ്പെടെ 9.98 രൂപയാണ് ഒരു യൂണിറ്റിന് ആകെ വരുന്ന ചെലവ്. എന്നാൽ രാത്രികാലങ്ങളിൽ മറ്റ് സ്രോതസ്സുകളെ ആശ്രയിക്കുമ്പോൾ 16 രൂപയിലേറെ നൽകേണ്ടി വരുന്നുണ്ട്.
ചില അടിയന്തര ഘട്ടങ്ങളിൽ ഇത് 22 രൂപ വരെ ഉയർന്നിട്ടുമുണ്ട്. ഹൈദരാബാദിൽ നിന്നുളള വൈദ്യുതിക്ക് 14.5 രൂപ ആവശ്യപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.
ഇതിനുപുറമെ പ്രസരണ നഷ്ടവും വരുന്നു. ഈ പശ്ചാത്തലത്തിലാണ് മുള്ളേരിയ യൂണിറ്റ് വലിയൊരു ആശ്വാസമാകുന്നത്.
അതേസമയം, മൊലാട്ടിയിൽ സ്ഥാപിക്കുന്ന 125 മെഗാവാട്ടിന്റെ സമാന പദ്ധതിയുടെ നിർമാണം വൈകുന്നത് കനത്ത തിരിച്ചടിയാകുന്നുണ്ട്. പ്രതിദിനം 30 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്.
ഈ പദ്ധതി പൂർത്തിയായാൽ രാത്രികാലങ്ങളിൽ 5 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമാക്കാൻ സാധിക്കും. എന്നാൽ പ്രവൃത്തികൾ ഇനിയും പാതിവഴിയിലാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

