ആലപ്പുഴ ജില്ലയിലെ കാവാലത്ത് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികൻ ടോറസ് ലോറിയിടിച്ച് മരണപ്പെട്ടു. കാവാലം പുതിയറയിൽ എ എസ് മോഹനൻ വൈദ്യർ (72) ആണ് ദാരുണമായി അന്ത്യശ്വാസം വലിച്ചത്.
ഇന്ന് രാവിലെ 10:40-ഓടെ കാവാലം എസ് ബി ഐ ജങ്ഷന് സമീപത്താണ് നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി ഡ്രൈവർ വയോധികനെ കാണാതെ പെട്ടെന്ന് മുന്നോട്ടെടുത്തതിനെ തുടർന്ന് ഇയാളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
കേൾവിശേഷിയില്ലാത്തയാളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇടതുകാലും വലതുകൈയും ചതഞ്ഞരഞ്ഞ് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്ത് ദീർഘകാലം നിലത്തെഴുത്ത് ആശാനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് മരണപ്പെട്ട എ എസ് മോഹനൻ വൈദ്യർ.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. പരേതയായ ഓമനയാണ് ഭാര്യ.
സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 1.30ന് നാരകത്തറ കൃഷ്ണപുരം ശാന്തിതീരം ശ്മശാനത്തിൽ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

