ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ, ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലെ നിരവധി പ്രധാന ജംക്ഷനുകളുടെ മുഖഛായ തന്നെ മാറുകയാണ്. അതിവേഗ ഗതാഗത സൗകര്യങ്ങൾ ഒരുങ്ങുന്നുവെങ്കിലും, റോഡിന്റെ ഇരുവശങ്ങളിലുമായി നാട് വിഭജിക്കപ്പെടുന്നതിൽ വലിയ ആശങ്കയാണ് ഉയർന്നു വന്നിരിക്കുന്നത്.
ചെറുകിട വ്യാപാര മേഖലയെയാകും ഈ മാറ്റങ്ങൾ ഏറ്റവും രൂക്ഷമായി ബാധിക്കുക.
സർവീസ് റോഡുകളുടെ വീതിക്കുറവും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടുകളും കാരണം ആളുകൾ ഇങ്ങോട്ട് എത്തിപ്പെടാൻ മടിക്കുന്ന സാഹചര്യം നിലവിലുണ്ട്. മേൽപാതയിലൂടെ കടന്നുപോകുന്നവർക്ക് സർവീസ് റോഡിലേക്ക് ഇറങ്ങി സാധനങ്ങൾ വാങ്ങുക ദുഷ്കരമാണ്.
കറങ്ങി തിരിഞ്ഞു വടേണ്ടി വരുന്നതിനാൽ പലരും ഇവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. ഇതിനോടകം തന്നെ ദേശീയപാതയോരത്തെ പല ചെറുകിട
കച്ചവടക്കാരും സ്ഥാപനങ്ങൾ പൂട്ടി ഒഴിഞ്ഞുപോയിക്കഴിഞ്ഞു. “ദേശീയപാത മതിലുകൾ പോലെ കെട്ടിയുയർത്തിയതോടെ നാട് മുറിഞ്ഞ് 2 ലോകമായി മാറുന്നു.
ടൗൺഷിപ് രൂപപ്പെടുമെന്നും വികസനം വരുമെന്നുമാണു പദ്ധതിയുടെ തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇങ്ങനെ കോട്ട
കെട്ടുമെന്ന് കരുതിയില്ല. പ്രധാന കവലകളിൽ ഉയരപ്പാത നിർമിക്കണമായിരുന്നു,” എന്ന് കലവൂർ ഉയരപ്പാത സമരസമിതി അധ്യക്ഷ സിനിമോൾ സുരേഷ് വ്യക്തമാക്കി.
തുറവൂർ മേഖലയിൽ പൊന്നാംവെളി, പുത്തൻചന്ത കവലകളും, ചേർത്തലയുടെ നഗരസ്വഭാവവും ഈ വികസനത്തോടെ പൂർണ്ണമായും മാറും. അടിപ്പാതയ്ക്കായി ശക്തമായ സമരം നടക്കുന്ന കളിത്തട്ട് ജംക്ഷനും റോഡിന് ഇരുവശങ്ങളിലുമായി വിഭജിക്കപ്പെടുകയാണ്.
കയർ ഫാക്ടറികൾ സ്ഥിതി ചെയ്യുന്ന കലവൂരിലേക്ക് വലിയ കണ്ടെയ്നറുകൾ എത്തുന്നതും സർവീസ് റോഡുകളിലൂടെയും അടിപ്പാതകളിലൂടെയുമാണ്, ഇത് പ്രദേശത്ത് വലിയ ഗതാഗത തടസ്സങ്ങൾക്ക് കാരണമാകുന്നുണ്ട്. തുമ്പോളി, കൊമ്മാടി തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ രീതിയിൽ നാട് കിഴക്കും പടിഞ്ഞാറുമായി തിരിഞ്ഞു കഴിഞ്ഞു.
കളർകോട് ജംക്ഷനിലെ ഉയരപ്പാതയുടെ നീളം വർദ്ധിപ്പിച്ചില്ലെങ്കിൽ ആ പ്രദേശം തന്നെ അപ്രത്യക്ഷമാകുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. “പുന്നപ്ര രണ്ടായി മാറുമ്പോൾ ചെറുകിട
കച്ചവടക്കാരെയും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരെയുമാകും ഏറ്റവുമധികം ബാധിക്കുക. ഇതിനകം പലരും കടമുറികൾ വിട്ടു പോയിക്കഴിഞ്ഞു.ഇത്തരം നിർമാണം നാടിന്റെ സൗന്ദര്യവും ഒരുമയും ഇല്ലാതാക്കുന്നു,” എന്ന് പുന്നപ്ര ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷൻ വിഷ്ണു പ്രസാദ് അഭിപ്രായപ്പെട്ടു.
ജില്ലയുടെ അതിർത്തി പ്രദേശമായ കൃഷ്ണപുരത്തും സമാനമായ പ്രതിസന്ധികളാണ് നിലനിൽക്കുന്നത്. ജനങ്ങളുടെ ഈ ആശങ്കകൾക്കും പരാതികൾക്കും ഇടയിലും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് ദേശീയപാത അതോറിറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

