റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ഹൂത്തി വിമതരുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. അബഹ വിമാനത്താവളം, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് രണ്ട് പ്രധാന വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ അരങ്ങേറിയത്.
അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. മരിച്ചവർ മൊറോക്കോ, അൾജീരിയ സ്വദേശികളാണ്.
ഈ സംഭവത്തിൽ ആകെ 28 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൗദി പൗരന്മാരും ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ് പരിക്കേറ്റ മറ്റുള്ളവർ.
റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ നടന്ന സമാനമായ ആക്രമണത്തിൽ ഒരു സുഡാൻ പൗരനാണ് കൊല്ലപ്പെട്ടത്. സൗദി അറേബ്യ, ഈജിപ്ത്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എട്ട് പേർക്കും ഇവിടെ പരിക്കേറ്റിട്ടുണ്ട്.
ആക്രമണങ്ങളുടെ ആഘാതത്തിൽ വിമാനത്താവളങ്ങളുടെ വിവിധ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനും, യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ പൂർണ്ണമായി ഉറപ്പുവരുത്തുന്നതിനുമായി ബന്ധപ്പെട്ട
എല്ലാ ഏജൻസികളുമായി ചേർന്ന് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

