നരിക്കുനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അജ്ലാൻ നിർമിച്ച കുഞ്ഞൻ കാർ സമൂഹ മാധ്യമങ്ങളിലും നാട്ടുകാരുടെ ഇടയിലും ഒരുപോലെ കൗതുകമാകുന്നു. ആക്രിക്കടയിൽ നിന്ന് വാങ്ങിയ പഴയ ബൈക്കിന്റെ എൻജിനും ഇരുമ്പ് സാമഗ്രികളും ഉപയോഗിച്ചാണ് എരവന്നൂർ ഓരോട്ട് സ്വദേശിയായ ഈ മിടുക്കൻ വാഹനം രൂപകൽപ്പന ചെയ്ത് യാഥാർത്ഥ്യമാക്കിയത്.
സ്കൂൾ പഠനത്തോടൊപ്പം കൃത്യമായ പരിശ്രമം നടത്തി മൂന്ന് മാസം കൊണ്ടാണ് ഈ വലിയ നേട്ടം അജ്ലാൻ കൈവരിച്ചത്. കുട്ടിക്കാലം മുതലേ വാഹനങ്ങളോട് വലിയ താൽപ്പര്യമുണ്ടായിരുന്ന അജ്ലാൻ, ചെറുപ്പത്തിൽ സൈക്കിളുകൾ വെച്ചായിരുന്നു തന്റെ ആദ്യകാല പരീക്ഷണങ്ങൾ നടത്തിയിരുന്നത്.
കാർ നിർമാണത്തിന് ആവശ്യമായ വെൽഡിങ് ജോലികൾ ഉൾപ്പെടെയുള്ള എല്ലാ പ്രവൃത്തികളും സ്വന്തം നിലയ്ക്കാണ് പൂർത്തിയാക്കിയത്. സുഹൃത്തുക്കളും പരിചയക്കാരും ആവശ്യമായ യന്ത്രഭാഗങ്ങൾ സൗജന്യമായി നൽകിയതോടെ, വെറും 35,000 രൂപ ചെലവിൽ തന്റെ സ്വപ്ന വാഹനം ഈ വിദ്യാർഥി പണിതുയർത്തി.
എരവന്നൂർ ഓരോട്ട് പൂളക്കോട്ടുതാഴം മുഹമ്മദ് ബഷീർ – റഹ്മത്ത് ദമ്പതികളുടെ മകനാണ് അജ്ലാൻ. രണ്ട് പേർക്ക് സുഖമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഈ വാഹനത്തിന് 30 കിലോമീറ്റർ മൈലേജും ലഭിക്കുന്നുണ്ട്.
ആകർഷകമായ ഹോണുകളും പാട്ടുകൾ ആസ്വദിക്കാനുള്ള സ്പീക്കർ സംവിധാനവും ഈ ചെറിയ കാറിൽ സജ്ജീകരിച്ചിട്ടുണ്ട്. താൻ നിർമിച്ച ഈ വാഹനവുമായി സ്കൂളിലെ ടാലൻഷ്യ ഫെസ്റ്റിന് എത്തിയ അജ്ലാനെ അധ്യാപകരും സഹപാഠികളും ചേർന്ന് വലിയ കയ്യടികളോടെയാണ് സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

