തിരുവനന്തപുരം: നഗരത്തിൽ നിലനിൽക്കുന്ന എസ്എഫ്ഐ – പൊലീസ് സംഘർഷത്തിൽ കർശന ഇടപെടലുമായി സിറ്റി പൊലീസ് കമ്മീഷണർ. കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ്, എസ്ഐ ഗോകുൽ എന്നിവർക്കാണ് കമ്മീഷണർ ഔദ്യോഗികമായി താക്കീത് നൽകിയത്.
പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനപരമായ നീക്കങ്ങളും ഉണ്ടാകാൻ പാടില്ലെന്ന് കമ്മീഷണർ കർശന നിർദ്ദേശം നൽകി. താക്കീതിനെ തുടർന്ന് എസ്എച്ച്ഒ സതീഷ് താൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.
ഇതിനിടെ, സ്വകാര്യ ആവശ്യങ്ങൾക്കായി എസ്ഐ ഗോകുലിന് ഒരാഴ്ചത്തെ അവധിയും അനുവദിച്ചിട്ടുണ്ട്. ഹോസ്റ്റൽ മർദ്ദനവുമായി ബന്ധപ്പെട്ട് എസ്ഐക്കെതിരെ വകുപ്പ്തല നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.
ഇതിനിടയിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധ സംഭവത്തിൽ കൊല്ലം കമ്മീഷണറോട് എഡിജിപി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തലസ്ഥാനത്ത് എസ്എഫ്ഐ – കേരള പൊലീസ് പോര് കൂടുതൽ രൂക്ഷമാകുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കന്റോൺമെന്റ് സ്റ്റേഷൻ എസ്ഐ ഗോകുലിനെയും സിഐ സന്തോഷ്കുമാറിനെയും സർവീസിൽ നിന്നും മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എസ്എഫ്ഐ നേതൃത്വം. വരുന്ന ഒക്ടോബർ 10നുള്ളിൽ ഈ ആവശ്യത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കന്റോൺമെന്റ് സ്റ്റേഷന് മുന്നിൽ ശക്തമായ അനിശ്ചിതകാല സമരപരിപാടികൾ ആരംഭിക്കുമെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

