സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഇന്നും സാധ്യതയുള്ളതായി മുന്നറിയിപ്പ്. വൈകിട്ട് 6.30-നും രാത്രി 12.30-നും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാകുകയെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചതും ഗ്രിഡിലെ ഫ്രീക്വന്‍സി കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതിനെ തുടർന്ന് സതേണ്‍ റീജിയന് ലോഡ് ഡെസ്പാച്ച് സെന്റര്‍ അടിയന്തരമായി ഇടപെടുകയായിരുന്നു.
സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇന്നലെ മൂന്ന് തവണ വരെ വൈദ്യുതി തടസ്സം നേരിട്ടിരുന്നു. സംസ്ഥാനത്ത് മഴ ലഭിക്കാത്തതിനാല്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ഇത് മുൻകൂട്ടി കണക്കാക്കിയതിനേക്കാൾ കൂടുതൽ വൈദ്യുതി ഉപഭോഗത്തിലേക്ക് നയിച്ചു. ഉത്തരേന്ത്യയിൽ മഴയുടെ കുറവുമൂലം കൽക്കരി ലഭ്യത കുറഞ്ഞത് വൈദ്യുതോൽപാദനത്തെ ബാധിച്ചിട്ടുണ്ട്.
പീക്ക് സമയത്തേക്ക് ആവശ്യമായ ഹ്രസ്വകാല കരാറുകൾ ഉറപ്പിക്കാൻ കെഎസ്ഇബിക്ക് സാധിച്ചിട്ടില്ല. ഇന്നലെ വൈകീട്ട് 7.15-ഓടെയാണ് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയത്.
അന്ന് 4999 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. മൊത്തം ഉപയോഗം 93.74 ദശലക്ഷം യൂണിറ്റ് ആയിരുന്നു.
ഇതിൽ ജലവൈദ്യുതി ഉൽപാദനം 24 ദശലക്ഷം യൂണിറ്റിൽ ഒതുങ്ങി. ബാക്കിയുള്ള 67 ദശലക്ഷം യൂണിറ്റോളം പുറത്തുനിന്നാണ് കണ്ടെത്തേണ്ടി വന്നത്.
എന്നാൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തത് പ്രതിസന്ധി രൂക്ഷമാക്കി. കൽക്കരി പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര വിഹിതവും വെട്ടിക്കുറച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഇതേ ദിവസം 42 ദശലക്ഷം യൂണിറ്റ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്നലെ ലഭിച്ചത് 37 ദശലക്ഷം യൂണിറ്റ് മാത്രമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉയർന്ന ആവശ്യകതയുള്ളതിനാൽ പവർ എക്സ്ചേഞ്ചിൽ നിന്നും വൈദ്യുതി ലഭ്യമാകുന്നില്ല.
നിലവിലുള്ള വൈദ്യുതിക്ക് വൻ വിലയാണ് ഈടാക്കുന്നത്. മുൻ ദിവസങ്ങളിൽ മധ്യപ്രദേശിൽ നിന്ന് ലഭിച്ചിരുന്നത് പോലെ കടമായി വൈദ്യുതി നേടാനും ഇന്നലെ സാധിച്ചില്ല.
പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയ്ക്കായി വിളിച്ച ടെൻഡറുകളിൽ നിന്ന് കമ്പനികൾ വിട്ടുനിന്നു. ഭരണമാറ്റം അടക്കമുള്ള കാരണങ്ങളാൽ സമയബന്ധിതമായ ആസൂത്രണങ്ങൾ നടപ്പായില്ലെന്ന ആക്ഷേപവുമുണ്ട്.
ഉപഭോഗം വർധിക്കുന്നതിന് അനുസൃതമായി പുതിയ ദീർഘകാല കരാറുകൾ ഉണ്ടാക്കുന്നതിലും വീഴ്ചയുണ്ടായി. രാത്രികാലങ്ങളിലെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് ഉൾപ്പെടെയുള്ളവയുടെ അനിയന്ത്രിതമായ ഉപയോഗമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതെന്ന് കെഎസ്ഇബി വിമർശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

