പത്തനംതിട്ടയിലെ അബാൻ മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരന് കർശന മുന്നറിയിപ്പുമായി മന്ത്രി പി.കെ.ബഷീർ രംഗത്ത്. പദ്ധതിയുടെ നിർമാണം പൂർത്തിയാക്കുന്ന കൃത്യമായ തീയതി വ്യക്തമാക്കി കരാറുകാരൻ ഉടൻ തന്നെ രേഖാമൂലം കരാർ എഴുതി നൽകണമെന്നും, അല്ലാത്തപക്ഷം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നുമാണ് മന്ത്രിയുടെ അന്ത്യശാസനം.
നഗരത്തിലെ ഗതാഗതക്കുരുക്കും മോശം അവസ്ഥയും ചൂണ്ടിക്കാട്ടി അബിൻ വർക്കി എംഎൽഎ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മന്ത്രിയുടെ ചേംബറിൽ പ്രത്യേക അവലോകന യോഗം ചേരുന്നത്.
തങ്ങളുടെ ഭാഗത്തുനിന്നുള്ള 40 ശതമാനം പ്രവൃത്തികൾ മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളതെന്നും, നിർമാണം പൂർത്തീകരിക്കാൻ ആറു മാസത്തെ സാമ്പത്തിക-സാങ്കേതിക സമയം നീട്ടി നൽകണമെന്നും കരാറുകാരൻ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാത്ത മന്ത്രി, പാലത്തിന്റെ മുൻവശത്തെ സർവീസ് റോഡ് ഈ മാസം 25-നുള്ളിൽ പൂർത്തിയാക്കണമെന്നും മേൽപാലത്തിന്റെ പണികൾ മുഴുവൻ മാർച്ച് 31-നുള്ളിൽ തീർക്കണമെന്നും കർശന നിർദേശം നൽകി.
മന്ത്രിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ സർവീസ് റോഡിന്റെ മെറ്റലിങ് പണികൾ പുനരാരംഭിച്ചിട്ടുണ്ട്. സ്ഥലമെടുപ്പിലെ കാലതാമസമാണ് സർവീസ് റോഡ് നിർമാണത്തിന് പ്രധാന തടസ്സമായി നിൽക്കുന്നത്.
നഗരസഭ മുൻകൈയെടുത്ത് സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിലെ സ്ഥലം വിട്ടുനൽകിയതിനെ തുടർന്നാണ് ആദ്യഘട്ട ജോലികൾ അവിടെ ആരംഭിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഇരുവശത്തുമായി 450 മീറ്റർ റോഡാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. റോഡ് ഒരു മീറ്ററോളം താഴ്ത്തി മണ്ണ് നീക്കം ചെയ്ത ശേഷം മെറ്റലും സിമന്റും ചേർന്ന മിശ്രിതം ഉപയോഗിച്ച് ഉറപ്പിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഉയർന്ന നിലവാരത്തിലുള്ള ബിഎംബിസി ടാറിങ്ങാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ബിഎം ടാറിങ് മാത്രമാണ് ഇപ്പോൾ നടത്തുക.
സർവീസ് റോഡിന്റെ നിർമാണം പൂർണ്ണമായി അവസാനിച്ച ശേഷമാകും അന്തിമ ബിസി ടാറിങ് നടപ്പിലാക്കുക. മന്ത്രിയുടെ ഔദ്യോഗിക ചേംബറിൽ ചേർന്ന യോഗത്തിൽ അബിൻ വർക്കി എംഎൽഎ, ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ, കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ, കരാറുകാരൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
മേൽപാലത്തിന്റെ തുടർ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ടയിൽ അടിയന്തര യോഗം വിളിക്കാൻ ചീഫ് എൻജിനീയർക്ക് മന്ത്രി പ്രത്യേക നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

