പുണെയിൽ തുടർച്ചയായ പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയിലും ജാർഖണ്ഡിലുമുയർന്ന സമാനമായ മുദ്രാവാക്യങ്ങളാണ് പുണെയിലും ഉയർന്നു കേൾക്കുന്നത്.
മാർ മാസത്തിൽ നടക്കാനിരുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയുണ്ടായി. സമാനമായ രീതിയിൽ ടെറ്റ് പരീക്ഷയും റദ്ദാക്കേണ്ടി വന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ഒരു അന്തർസംസ്ഥാന സംഘമാണ് അന്ന് പിടിയിലായത്. ബോംബെ ഹൈക്കോടതി ക്ലർക്ക് പരീക്ഷയിലും വ്യാപകമായ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇതോടെയാണ് സഹികെട്ട് വിദ്യാർത്ഥികൾ തെരുത്തിലിറങ്ങി പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എൻസിപി നേതാവ് സുപ്രിയ സുലേ തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കൾ ഇതിനകം തന്നെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എംപിഎസ്സി) ചെയർമാന്റെയും സെക്രട്ടറിയുടെയും രാജിയടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥി സമൂഹം. സംവിധാനത്തിലുള്ള വിശ്വാസം തകർന്നു: രാഹുൽ ഗാന്ധി പൂനെയിലെ സമരം ഏതെങ്കിലും ഒരു പരീക്ഷയുടെയോ നിയമനത്തിന്റെയോ മാത്രം പ്രശ്നമല്ലെന്നും, മറിച്ച് മുഴുവൻ സംവിധാനത്തിലുമുള്ള വിശ്വാസം തകർന്നതിന്റെ പ്രതിഫലനമാണെന്നുമായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻസിപി നേതാവ് സുപ്രിയ സുലേയും ഉദ്ധവ് ശിവസേന നേതാവ് ആദിത്യ താക്കറെയും സമരവേദിയിലെത്തി. ഇതിനുപുറമെ, മറാത്ത നേതാവ് മനോജ് ജാരങ്കെ പാട്ടീൽ, സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ എന്നിവരും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ ഏഴംഗ ഉന്നത സമിതിയെ പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭം തണുത്തിട്ടില്ല. പേപ്പർ ചോർച്ചകളിൽ സമഗ്രമായ അന്വേഷണം നടത്തുക, എംപിഎസ്സി ചെയർമാന്റെയും സെക്രട്ടറിയുടെയും രാജി സ്വീകരിക്കുക, പരീക്ഷാ നടത്തിപ്പിൽ നിന്ന് സ്വകാര്യ ഏജൻസികളെ പൂർണ്ണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.
ഈ ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

