ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽ നിന്നും 75 ലീറ്റർ മദ്യം പിടികൂടിയ സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ന്യൂഡൽഹി-ജയനഗർ സ്വതന്ത്ര സേനാനി എക്സ്പ്രസിന്റെ എസി കൂപ്പെയിൽ നിന്നുമാണ് നേഹ ഝാ എന്ന യാത്രക്കാരിയുടെ പക്കൽ നിന്നും വലിയ അളവിൽ വിദേശമദ്യം പിടികൂടിയത്.
ട്രെയിനിൽ യുവതി മദ്യം കടത്തുന്നതായുള്ള രഹസ്യ വിവരം വാരാണസിയിലെ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതേതുടർന്നാണ് എസി ഫസ്റ്റ് ക്ലാസ് കൂപ്പെയിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയത്.
പൊലീസ് പരിശോധന നടത്തുമ്പോൾ നേഹയ്ക്കൊപ്പം ഇഷാൻ കുമാർ എന്ന യുവാവും കൂപ്പെയിലുണ്ടായിരുന്നു. സഹോദരിയുടെ ഭർത്താവെന്നാണ് നേഹ ഇയാളെ പരിചയപ്പെടുത്തിയത്.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്യൂട്ട്കെയ്സുകൾ നിറയെ മുന്തിയ ബ്രാൻഡുകളുടെ പൊട്ടിക്കാത്ത നിരവധി മദ്യക്കുപ്പികൾ കണ്ടെടുത്തു. 75 ലീറ്റർ മദ്യമാണ് കൂപ്പെയിൽ നിന്നും പിടികൂടിയത്.
അതേസമയം പ്രതികളുടെ പക്കൽ കൂപ്പെയിൽ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹ പാർട്ടിക്കുവേണ്ടിയാണ് മദ്യം കടത്തിയതെന്നാണ് നേഹ പൊലീസിനോട് പറഞ്ഞത്.
ഹരിയാനയിൽ നിന്ന് മദ്യം വാങ്ങി ബിഹാറിലേക്കു കൊണ്ടുപോകുകയായിരുന്നെന്നും നേഹ മൊഴി നൽകി. എന്നാൽ നേഹയുടെ കുടുംബം മുൻപും മദ്യക്കടത്തിനു പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
നേഹയുടെ പിതാവ് സഞ്ജയ് ഝാ മദ്യക്കടത്തിനു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 2025 നവംബർ 30 ന് നേഹയുടെ സഹോദരി നിഷുവിനേയും 21 ലീറ്റർ വിദേശ മദ്യവുമായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

