രാജ്യത്ത് വിമാന ഇന്ധനമായ എടിഎഫിന്റെ വിലയിൽ വലിയ വർധനവ്. ലിറ്ററിന് 16 രൂപയുടെ വർധനവാണ് എണ്ണക്കമ്പനികൾ ഒറ്റയടിക്ക് വരുത്തിയത്.
ഇതോടെ വിമാന ഇന്ധനവില ലിറ്ററിന് 121 രൂപയിൽ നിന്ന് 137 രൂപയായി ഉയർന്നു. തുടർച്ചയായ പ്രതിമാസ വർധനവുകൾക്ക് പിന്നാലെയുണ്ടായ ഈ വൻ വിലക്കയറ്റം വരുംദിവസങ്ങളിൽ വിമാന യാത്രാനിരക്കുകൾ കുത്തനെ ഉയരുന്നതിന് കാരണമാകും.
വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ 40 മുതൽ 60 ശതമാനം വരെയും വരുന്നത് ഇന്ധനച്ചെലവാണ്. രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വിലയിലുള്ള വ്യതിയാനങ്ങളും വിനിമയ നിരക്കിലെ മാറ്റങ്ങളുമാണ് ഇന്ധന വിലവർധനവിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇന്ധനവില വർധിച്ചതോടെ വർധിച്ച ചെലവ് നികത്താൻ ടിക്കറ്റ് നിരക്കുകൾ കൂട്ടുകയല്ലാതെ മറ്റു പോംവഴികളില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ. പ്രവാസികൾക്കും ഉത്സവകാല യാത്രക്കാർക്കും കനത്ത തിരിച്ചടി
ഉത്സവ സീസണും അവധിക്കാലവും അടുത്തിരിക്കെ വന്നുചേർന്ന ഈ നിരക്കുവർധന സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആഘാതമാകും സൃഷ്ടിക്കുക.
പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെയും കുടുംബങ്ങളെയും വിമാനക്കമ്പനികളുടെ ഈ തീരുമാനം നേരിട്ട് ബാധിക്കും. ഇന്ധനവില ഉയരുന്നത് യാത്രാനിരക്കുകളെ മാത്രമല്ല, എയർ കാർഗോ വഴിയുള്ള ചരക്കുനീക്കത്തെയും രൂക്ഷമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
വിമാനം വഴിയുള്ള ചരക്കുകൂലി വർധിക്കുന്നതോടെ കയറ്റുമതിച്ചെലവും ഉയരും. അന്താരാഷ്ട്ര വിപണിയിൽ ഉയർന്ന ചരക്കുകൂലി മൂലം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മത്സരശേഷി നഷ്ടപ്പെടാൻ ഇത് ഇടയാക്കിയേക്കാം.
കൂടാതെ, വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എയർ കാർഗോ വഴി കൊണ്ടുവരുന്ന അവശ്യവസ്തുക്കളുടെ ആഭ്യന്തര വിപണിയിലെ വിലയും വർധിക്കാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

