തിരുവനന്തപുരം ജ്യോതിദേവ്സ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫോറം (ജെപിഇഎഫ്) സംഘടിപ്പിക്കുന്ന പതിനാലാമത് അന്തർദേശീയ പ്രമേഹ സമ്മേളനം ജൂലൈ 10, 11, 12 തീയതികളിൽ കോവളത്തെ ഉദയസമുദ്ര ഹോട്ടൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് കേരള ആരോഗ്യവകുപ്പ് മന്ത്രി കെ.
മുരളീധരൻ സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും. ‘ഹെൽപ്പിങ് യു ചൂസ് ദ ബെസ്റ്റ് ഇൻ കെയർ’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന പ്രമേയം.
രാജ്യാന്തര-ദേശീയ തലങ്ങളിൽ നിന്നുള്ള 2500-ലധികം ഡോക്ടർമാർ, പ്രമേഹ ഗവേഷകർ, ഡയബറ്റിസ് എഡ്യൂക്കേറ്റർമാർ, നഴ്സുമാർ എന്നിവർ ത്രിദിന സമ്മേളനത്തിൽ സംബന്ധിക്കും. മൂന്ന് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന വിവിധ സെഷനുകളിൽ പ്രമേഹ-അമിതവണ്ണ ചികിത്സാ രംഗത്തെ നൂതന കണ്ടുപിടുത്തങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രയോഗം, ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിപുലമായ ചർച്ചകളും വർക്ക്ഷോപ്പുകളും അരങ്ങേറും.
രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച എഴുപതിലധികം പ്രമേഹ-അമിതവണ്ണ ഗവേഷണ പ്രബന്ധങ്ങൾ ഇവിടെ അവതരിപ്പിക്കും. സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട
പ്രബന്ധങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ഐ.ജെ.ഡി.ടി ജെ.പി.ഇ.എഫ് അബ്സ്ട്രാക്ട്’ (IJDT JPEF Abstract Book) പുസ്തകത്തിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും. 183-ലധികം വിദഗ്ധരായ ഫാക്കൽറ്റികളാണ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
സമ്മേളനത്തിന്റെ വിജയത്തിനായി ഡോ. ജ്യോതിദേവ് കേശവദേവ് (ഓർഗനൈസിംഗ് സെക്രട്ടറി), ഡോ.
അരുൺ ശങ്കർ (ഓർഗനൈസിംഗ് ചെയർമാൻ), സുനിതാ ജ്യോതിദേവ് (കോൺഫറൻസ് ഡയറക്ടർ), അഞ്ജന ബസന്ത് (സയന്റിഫിക് കമ്മിറ്റി പ്രോഗ്രാം കോർഡിനേറ്റർ), ഹരി പ്രസാദ് (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. പ്രതിനിധികൾക്കായി കോവളത്തെ പത്തിലധികം ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രമേഹ ചികിത്സാ രംഗത്തെ നൂതന അറിവുകൾ പങ്കുവെക്കാനും പ്രായോഗിക പരിശീലനം നേടാനുമുള്ള സുപ്രധാന വേദിയായിരിക്കും ഈ സമ്മേളനമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

